വൈപ്പിൻ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ആഭ്യന്തര മാർക്കറ്റുകളിൽ പച്ചക്കറി എത്താത്തതോടെ കുതിച്ചുയർന്ന പച്ചക്കറി വില കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ കുറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ധാരാളം ലോഡുകൾ എത്തിയതോടെയാണ് വില കുറഞ്ഞത്. 200 രൂപ വരെ എത്തിയ ബീൻസ് ഇപ്പോൾ 50 രൂപയാണ്. അച്ചിങ്ങ (പയർ) 120 രൂപയിൽ നിന്ന് 40 രൂപയായി. തക്കാളി 100ൽ നിന്ന് 30ലേക്കും വെണ്ടക്ക 80ൽ നിന്ന് 50 ലേക്കും കുമ്പളങ്ങ 60ൽ നിന്ന് 40ലേക്കും താഴ്ന്നു. ക്യാരറ്റ്(140), ചേന (100), മത്തൻ (40), കോവക്ക (70) എന്നിവയാണ് മാറ്റമില്ലാതെ തുടരുന്നത്. കുറച്ച് ദിവസം മുൻപ് വരെ വില കൂടി കൊണ്ടിരുന്നപ്പോൾ ഓണം നാളുകളിൽ പച്ചക്കറിക്ക് തീ വിലയാകുമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ ആശങ്കക്കാണ് ഇപ്പോൾ താത്കാലിക വിരാമമായിരിക്കുന്നത്.