suicide

കൊച്ചി: ആത്മഹത്യാക്കുറിപ്പ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് ജീവനൊടുക്കാൻ തയ്യാറെടുത്തുനിന്ന യുവാവിനെ മിന്നൽ വേഗത്തിൽ രക്ഷപ്പെടുത്തി പൊലീസ്. മുളവുകാട് സ്വദേശിയായ 25കാരാനാണ് ജോലിയില്ലാത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയത്.

റേഞ്ച് ഡി.ഐ.ജി പുട്ടാ വിമലാദ്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഗൗരിലക്ഷ്മിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ കുറിപ്പ് പെട്ടതോടെയാണ് രക്ഷാദൗത്യത്തിന് വഴിതുറന്നത്.

സാമൂഹ്യമാദ്ധ്യമത്തിലെ പോസ്റ്റ് റേഞ്ച് ഡി.ഐ.ജിക്ക് കൈമാറുകയും അദ്ദേഹം വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയോട് ആവശ്യപ്പെടുകയുമായിരുന്നു.

സൈബർ പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് മുളവുകാട് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. വിവരം ഉടൻ ഡി.ഐ.ജിയെ അറിയിച്ചു. ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണവുമായി രംഗത്തിറങ്ങി.

മിനിട്ടുകൾക്കുള്ളിൽ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ രക്ഷപ്പെടുത്തി. ജോലിയില്ലാത്തത് മൂലമാണ് ആത്മഹത്യയ്ക്ക് തയ്യാറെടുത്തതെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് യുവാവിനെ കൗൺസലിംഗിന് വിധേയമാക്കി. ആവശ്യമുള്ള സഹായങ്ങൾ നാൽകാമെന്ന് അറിയിക്കുകയും ചെയ്തശേഷമാണ് പൊലീസ് മടങ്ങിയത്.