panchayath

അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്ക് കരിങ്കൽ ക്വാറി ഉടമകളുമായി അവിശുദ്ധ കൂട്ടുകെട്ട് എന്ന് ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ കോട്ടത്തെണ്ട് കുന്നിൽ പുതിയ കരിങ്കൽ ക്വാറിക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്ക്കരണം. അനുമതി റദ്ദാക്കാൻ അടിയന്തിര കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 5ന് എൽ.ഡി.എഫ് മെമ്പർമാർ കത്ത് നൽകിട്ടും കമ്മിറ്റി വിളിക്കാതെ ജനറൽ കമ്മിറ്റിയാണ് ചേർന്നത്. ക്വാറി ഉടമകൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം ചേർന്നത്. പ്രതിപക്ഷ നേതാവ് ജോണി മൈപ്പാൻ, ആൽബി വർഗീസ്, രനിത ഷാബു, ടോണി പറപ്പിള്ളി എന്നിവർ സംസാരിച്ചു.