കൊച്ചി: ശ്രീജേഷ്...ശ്രീജേഷ്.. .ഹോക്കി സ്റ്റിക്കുകൾ ഉയർത്തിപ്പിടിച്ച് നൂറ് കണക്കിന് കുട്ടി ഹോക്കി താരങ്ങളുടെ ആർപ്പുവിളികൾക്ക് നടുവിലേക്കാണ് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി രാജ്യത്തിനഭിമാനമായ പി.ആർ. ശ്രീജേഷിന് ജന്മാനാട് നെടുമ്പാശേരി വിമാനത്താവളത്തിൽ നൽകിയത് ആവേശോജ്ജ്വല സ്വീകരണം. എറണാകുളത്ത് നിന്നും സമീപ ജില്ലകളിൽ നിന്നുമായി വിദ്യാർത്ഥികളായ നൂറോളം ഹോക്കി താരങ്ങളാണെത്തിയത്.
ഉച്ചയ്ക്ക് 2.30ന് അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിനൊപ്പം ശ്രീജേഷ് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. അവിടെ നിന്ന് പുറത്തേക്കെത്തിയപ്പോഴേക്കും സമയം മൂന്നിനോട് അടുത്തു. അക്ഷമരായി കാത്തുനിന്ന നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയുമെല്ലാം ആവേശം അണപൊട്ടി. പിന്നെ പ്ലക്കാർഡുകളുയർത്തിയും ബാനറുകൾ വീശിയും ആർത്തുവിളിച്ചു.
എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി.എം. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷും സബ്കളക്ടർ വി. മീരയും ശ്രീജേഷിനെ വരവേൽക്കാനെത്തി.
വിമാനത്താവളത്തിൽനിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ പുറത്തേക്ക് ആനയിച്ചത്. ഇവിടെ നിന്ന് 100കണക്കിന് വാഹനങ്ങളുടെയും പൊലീസ് ജീപ്പുകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ആലുവ യു.സി കോളേജിലേക്കെത്തി.
കേരള ഒളിമ്പിക്‌സ് അസോസിയേഷൻ, കേരള ഹോക്കി അസോസിയേഷൻ, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവ ചേർന്നാണ് സ്വീകരണമൊരുക്കിയത്.
യു.സി കോളേജിൽ ജനസാഗരം
ആലുവ: ഒളിമ്പിക്‌സിൽ മെഡലുകൾ നേടി തിരിച്ചെത്തിയ ഹോക്കി താരം പി.ആർ. ശ്രീജേഷിന് ഹോക്കിയുടെ ഈറ്റില്ലമായ ആലുവ യു.സി കോളേജിൽ ആവേശ്വജ്ജ്വല സ്വീകരണമാണ് നൽകിയത്. വൈകിട്ട് നാലരയോടെ തുറന്ന ജീപ്പിൽ കോളേജ് ഹാളിലെത്തിയ താരത്തെ ഹാളിന്റെ കവാടത്തിൽ എൻ.സി.സി വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വരവേറ്റത്.
തുടർന്ന് വേദിയിലേക്ക് നീങ്ങിയ താരത്തെ വിവിധ കലാലയങ്ങളിൽ നിന്നെത്തിയ കായിക താരങ്ങളും നാട്ടുകാരും കൈയടികളോടെ സ്വീകരിച്ചു.
ഷാളണിയിക്കാനെത്തിയ എല്ലാവരോടും കുശലം പറഞ്ഞും സൗഹൃദം പങ്കുവച്ചുമാണ് ശ്രീജേഷ് സ്വീകരണം ഏറ്റുവാങ്ങിയത്.
സമയം വൈകിയിട്ടും സെൽഫിയെടുക്കാനെത്തിയവരെ ആരെയും നിരാശരാക്കാതിരിക്കാനും ശ്രീജേഷ് ശ്രദ്ധിച്ചു.
മെഡലുകളുമായി വരാൻ
ദൈവനിശ്ചയമുണ്ടാവുമെന്ന് ശ്രീജേഷ്
ആലുവ: ആലുവ യു.സി കോളേജിൽ നിരവധി പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായെങ്കിലും മെഡലുകളുമായി വരാൻ ദൈവം വൈകിപ്പിച്ചതായിരിക്കാമെന്ന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പറഞ്ഞു. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അദ്ധ്യാപിക ഡോ. കെ. ബിന്ദുവാണ് വിവിധ പരിപാടികൾക്കായി പലവട്ടം ക്ഷണിച്ചത്. എന്തായാലും ഇപ്പോൾ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
സംസ്ഥാനത്തെ ഹോക്കിയുടെ ഈറ്റില്ലമാണ് ആലുവ യു.സി കോളേജ്. നിരവധി വട്ടം ദേശീയ മത്സരങ്ങൾക്ക് വരെ യു.സി കോളേജ് വേദിയായിട്ടുണ്ട്. എക്കാലവും ഹോക്കിക്ക് വലിയ പരിഗണന നൽകുന്ന കോളേജാണ് യു.സി കോളേജെന്ന് ഡോ. ബിന്ദു പറഞ്ഞു.