photo

വൈപ്പിൻ: സർക്കാർ നിരോധിച്ചിട്ടുള്ള പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വളഞ്ഞുപിടിച്ചു. ഒരു ബോട്ടിനെ പിടികൂടാനായില്ല. ഇവർ ഉപയോഗിച്ച വലയുമായി ഗോശ്രീ ജംഗ്ഷനിൽ എത്തിയ തൊഴിലാളികൾ ഗതാഗതം തടഞ്ഞു. ഇതേത്തുടർന്ന് പകൽ രണ്ട് മുതൽ വൈകിട്ട് നാലര വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെയുള്ള സമരം ആയതിനാൽ നിരവധി പേരാണ് പെരുവഴിയിലായത്.
സമരം തുടങ്ങിയ ഉടനെ കനത്ത പൊലീസ് സന്നാഹം എത്തിയെങ്കിലും സമരക്കാർ പിൻമാറിയില്ല. അനുനയിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഒരു ഭാഗത്ത് വിജയിക്കുമ്പോൾ വേറെ ഭാഗത്ത് വാഹനങ്ങൾ തടയാൻ തുടങ്ങിയതോടെ ഗതാഗതം പൂർണമായും നിലച്ചു. ഇതിനിടെ എത്തിയ രണ്ട് ആംബുലൻസുകളെയും കടത്തിവിട്ടില്ല. കൊച്ചിയിൽ നിന്നുള്ള ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നെങ്കിലും അവരുടെ വാക്കുകളും സമരക്കാർ ചെവിക്കൊണ്ടില്ല.
ഗോശ്രീ പാലത്തിൽ വാഹനങ്ങൾ തടഞ്ഞതോടെ മറ്റു മാർഗമില്ലാതെ വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നപരിഹാര ചർച്ചക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ അടുത്തേക്ക് നേതാക്കൾ പോയെങ്കിലും വഴിതടയൽ തുടർന്നു. ഇതിനിടെ ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്ത വലകൾ റോഡിലിട്ട് മാർഗതടസമുണ്ടാക്കുകയും പിന്നീട് അതെല്ലാം കത്തി ഉപയോഗിച്ച് കീറിക്കളയുന്നതും കാണാമായിരുന്നു.

സമരത്തിന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സ്ൺ പൊള്ളയിൽ, സെക്രട്ടറി ആന്റണി കുരിശിങ്കൽ, പരമ്പരാഗത മത്സ്യതൊഴിലാളി യൂണിയൻ സെക്രട്ടറി പി.വി. ജയൻ, പി.ജെ. ആന്റണി , ടി.കെ. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നല്കി. ഇന്ന് വിഷയം ചർച്ച ചെയ്യാമെന്ന ഫിഷറീസ് ഡയറക്ടറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

ചെറുമത്സ്യങ്ങൾ ഉൾപ്പെടെ തൂത്തുവാരി പിടിക്കുന്നതിനാൽ ബോട്ടുകളിൽ പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം സർക്കാർ നിരോധിച്ചിട്ടുള്ളതാണ് എന്നാൽ ഇതുപയോഗിച്ച് വ്യാപകമായി മത്സ്യബന്ധനം നടത്തുന്നുവെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആരോപണം ഇത് തുട‌ർന്നാൽ ഇനിയും ബോട്ടുകളെ തടയുമെന്നും പരമ്പരാഗത തൊഴിലാളികൾ

പിടിയിലായ നാല് ബോട്ടുകളും പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയിട്ടില്ലെന്ന് ബോട്ടുടമകൾ തീരത്ത് അശാന്തി പരത്താൻ ഒരു കൂട്ടർ നടത്തുന്ന ഇടപെടലാണെന്നും ആരോപണം കൊച്ചിയിലെ ഒരു നേതാവാണ് ഇതിന് പിന്നിൽ വള്ളത്തൊഴിലാളികളെ ചിലർ ഇരയാക്കുന്നുവെന്നും ബോട്ടുടമകൾ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് നടപടിയെടുക്കാം അതിനുപകരം ബോട്ട് പിടിച്ചെടുത്ത് വലയും ഉപകരണങ്ങളും കവരുന്ന നടപടി അപലനീയമെന്നും ബോട്ടുടമകൾ