കൊച്ചി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ മുഴുവൻ ആശുപത്രികളിലെയും ഡോക്ടർമാർ ഇന്ന് രാവിലെ ആറു മുതൽ നാളെ രാവിലെ ആറു വരെ 24 മണിക്കൂർ പണിമുടക്കും. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും പണിമുടക്ക്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ഏഴിന് പന്തംകൊളുത്തി പ്രകടനം നടത്തും. കലൂർ ഐ.എം.എ ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയാൻ ശക്തമായ കേന്ദ്രനിയമം അനിവാര്യമാണ്. നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്)യിലെ വകുപ്പുകൾ ആരോഗ്യമേഖലയ്ക്ക് സംരക്ഷണം നൽകുന്നതല്ലെന്നും പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ.ജോർജ്ജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.
ഐക്യദാർഢ്യവുമായി കെ.ജി.എം.ഒ.എ
ദേശീയതലത്തിൽ ഇന്ന് നടക്കുന്ന മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യവുമായി കെ.ജി.എം.ഒ.എ. അത്യാഹിത,അടിയന്തര സേവനങ്ങളെ ബാധിക്കാത്ത വിധത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധത്തിൽ പങ്കുചേരും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ.ടി.എൻ. സുരേഷ്, ഡോ.പി.കെ. സുനിൽ എന്നിവർ അറിയിച്ചു.