chandini

ആലുവ: ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികൾ പിടിയിലായി.
കണ്ഡമാൽ ചാന്ദ്‌നി ബെഹ്ര (39), തപസ്വിനി നായക്ക് (21) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം 15ന് പുലർച്ചെയാണ് യുവതികൾ ആലുവയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്. ട്രെയിൻ ഇറങ്ങിയ ശേഷം പ്രവേശനകവാടത്തിൽ നിന്നിരുന്ന യുവതികൾ പൊലീസിനെ കണ്ടതോടെ ബാഗുമായി പ്ളാറ്റ് ഫോമിലേക്ക് കയറാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പെരുമ്പാവൂരിലേയ്ക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. അന്യസംസ്ഥാനത്തൊഴിലാളികൾക്ക് കൈമാറുകയായിരുന്നു ഉദ്ദേശം. ഡിവൈ.എസ്.പിമാരായ പി.പി. ഷംസ്, ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എ.എസ്.ഐ കെ.കെ. ഹിൽമത്ത്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.