#ആദ്യഘട്ടത്തിൽ ചെക്കുകേസുകൾ
കൊച്ചി: കൊല്ലത്ത് ആരംഭിക്കുന്ന ഡിജിറ്റൽ കോടതിയെ ബാങ്കുകളുമായും പൊലീസ് സംവിധാനവുമായും ഓൺലൈനായി ബന്ധിപ്പിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കോടതിയിൽ ആദ്യഘട്ടത്തിൽ ചെക്കുകേസുകളാകും തീർപ്പാക്കുക. കോടതിയിൽ വാദത്തിനാവശ്യമായ വിവരങ്ങളും രേഖകളും ബാങ്കുകളിൽനിന്നും അന്വേഷണ ഏജൻസികളിൽനിന്നും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതോടെ സാധിക്കും. ഹൈക്കോടതിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കമ്പ്യൂട്ടറൈസേഷൻ കമ്മിറ്റിഅംഗം കൂടിയായ ജസ്റ്റിസ് വി. രാജാ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം ഓപ്പൺ ആൻഡ് നെറ്റ്‌വർക്ഡ് കോടതി (ഓൺകോർട്ട്) എന്നും അറിയപ്പെടുന്ന ഡിജിറ്റൽ കോടതി അടുത്തമാസത്തോടെ പൂർണസജ്ജമാകും. രാജ്യത്ത് ഇത്തരത്തിൽ ആദ്യ കോടതിയാണിത്.
ഡിജിറ്റൽ കോടതിയിൽ ആർക്കും ഓൺലൈനായി ഹർജികൾ ഫയൽ ചെയ്യാനാകും. കേസുകളുടെ തീയതി പുന:ക്രമീകരിക്കാനുള്ള അപേക്ഷയും കക്ഷികൾക്ക് നേരിട്ട് നൽകാനാകും. മാർഗനിർദ്ദേശം നൽകാൻ ചാറ്റ്ബോട്ടുകളടക്കം സംവിധാനങ്ങളുണ്ടാകും. സ്മാർട്ട് ഷെഡ്യൂളിംഗാണ് മറ്റൊരു സവിശേഷത. ഇതുപ്രകാരം കേസുകളുടെ വാദം നിശ്ചയിച്ച തീയതിയിൽത്തന്നെ ഉറപ്പാക്കും. മാറ്റിവയ്ക്കുന്ന ഹർജികളും അതത് തീയതികളിൽ കേൾക്കും. കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളിൽ പത്തുശതമാനവും ചെക്കുകേസുകളാണെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ചൂണ്ടിക്കാട്ടി. ഇതിന് പ്രത്യേകകോടതി വരുന്നത് നിയമസംവിധാനങ്ങൾക്കും കക്ഷികൾക്കും സർക്കാരിനുമെല്ലാം മുതൽക്കൂട്ടാകും.