ആലുവ: ആത്മഹത്യയ്ക്കൊരുങ്ങിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസിന്റെ സമയോചിത ഇടപെടൽ. സമൂഹമാധ്യമത്തിലാണ് താൻ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് മുളവുകാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ പോസ്റ്റിട്ടത്. ഈ പോസ്റ്റ് ഇത് റേഞ്ച് ഡി.ഐ.ജി ഓഫീസിലെ ക്ലാർക്കായ ഗൗരിലക്ഷ്മിയുടെ ഭർത്താവായ അഭിഷേകിന് ലഭിച്ചു. റൂറൽ ജില്ലാ സൈബർ പൊലീസ് യുവാവിന്റെ വിവരങ്ങൾക്കായി ശ്രമം ആരംഭിച്ചു. സൈബർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ അംഗങ്ങളും ടീമായി തിരിഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ തിരയുകയും സമൂഹമാധ്യമത്തിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. ഒടുവിൽ പോസ്റ്റ് ഇട്ടയാൾ മുളവുകാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ വിവരം സിറ്റി പൊലീസിനെ അറിയിച്ചു. മുളവുകാട് പൊലീസ് യുവാവിന്റെ വീട്ടിൽ പാഞ്ഞെത്തി. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന യുവാവിനെ കണ്ടെത്തി.
കൃത്യമായ ജോലിയില്ലാത്തതാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണമെന്ന് ഇരുപത്തിയഞ്ചുകാരൻ പൊലീസിനോട് പറഞ്ഞു. തുടർന്നു പൊലീസ് യുവാവിന് കൗൺസലിംഗ് നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു.