കൊച്ചി: ആടുജീവിതത്തിന് പ്രധാന പുരസ്‌കാരങ്ങൾ കിട്ടിയതിൽ സന്തോഷമെന്നും അർഹതയ്ക്കുള്ള അംഗീകാരമാണെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു. മൂന്നാംതവണയാണ് മികച്ച സംവിധായകാൻ എന്ന പുരസ്‌കാരം ലഭിക്കുന്നത്. ഹാട്രിക്കെന്ന് വേണമെങ്കിൽ പറയാം. അതിനുമുൻപേ നവാഗത സംവിധായകനും ലഭിച്ചു. എട്ടു സിനിമകൾ ചെയ്തപ്പോൾ നാല് അവാർഡുകൾ സംവിധാനത്തിന് കിട്ടിയെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചതിലാണ് ഏറ്റവുമധികം സന്തോഷം. ചിത്രത്തിന് മികച്ച സംഗീതമൊരുക്കിയ എ.ആർ. റഹ്മാനെ തഴഞ്ഞതിൽ ഖേദമുണ്ട്. ജൂറിയുടെ തീരുമാനങ്ങൾക്കെതിരെ സംസാരിക്കുന്നതിൽ അർത്ഥമില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ലെന്നും ബ്ലെസി കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.