പെരുമ്പാവൂർ: പെരുമ്പാവൂരിൽ വ്യാപാര സ്ഥാപനത്തിലെ മാനേജരുടെ ആത്മഹത്യ ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക പീഡനത്തിൽ മനംനൊന്തെന്ന് പരാതി. എ.എം റോഡിൽ പെറ്റൽസ് കളക്ഷനിലെ മാനേജർ കോഴിക്കോട് സ്വദേശി സജിത്കുമാറി(41) നെയാണ് കടയുടെ മുകളിലത്തെ ഷെഡിൽ വ്യാഴാഴ്ച തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ കടയിൽ പരിശോധനയ്ക്കെത്തിയ ജി.എസ്.ടി. ഉദ്യോഗസ്ഥർ ജീവനക്കാരുടേയും കസ്റ്റമേഴ്‌സിന്റേയും മുന്നിൽ വച്ച് സജിത്കുമാറിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ആഹാരം കഴിക്കാൻ പോലും അനുവദിക്കാതെ രാത്രി 2 മണി വരെ ചോദ്യം ചെയ്തതായും കടയിലെ ജീവനക്കാർ പറയുന്നു. വ്യാഴാഴ്ച രാവിലെ വളരെ വിഷമത്തോടെയാണ് ഇദ്ദേഹം കടയിൽ ഇരുന്നത്. പിന്നീട് മുകളിലത്തെ ഹാളിലേക്കു പോയ സജിത്തിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
തിങ്കളാഴ്ച ഉച്ച വരെ ഹർത്താൽ
സജിത് കുമാറിന്റെ ആത്മഹത്യയെ തുടർന്ന് ജി.എസ്. ടി. ഉദ്യോഗസ്ഥർക്കെതിരെ വിവിധ വ്യാപാരി വ്യവസായ സംഘടനകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ വ്യാപാരി വ്യവസായി സംഘടനകൾ ഇന്നലെ പെരുമ്പാവൂരിൽ പ്രതിഷേധയോഗം നടത്തി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സെക്രട്ടറി വി.പി. നൗഷാദ്, വിവിധ വ്യാപാരിസംഘടനാ ഭാരവാഹികളായ നാസർ ബാബാസ്, കെഎച്ച്.ആർ.എ. ജില്ലാ വൈസ് പ്രസിഡന്റ് പാർത്ഥസാരഥി, എം. കെ. രാധാകൃഷ്ണൻ, പി.പി. ഡേവിഡ്, പി.മനോഹരൻ, ഇ.സി. മധു, കെ.പി. അലിയാർ, അബ്ദുൾ വാഹിദ്, എം.എം. അജീർ, കെ.ബി. ശശി, എം.എം. റസാക്ക് എന്നിവർ സംസാരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് 19ന് തിങ്കളാഴ്ച ഉച്ച വരെ പെരുമ്പാവൂരിൽ ഹർത്താലിന് വ്യാപാരി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും സംയുക്ത സംഘടനയായ വ്യാപാരി വ്യവസായി ഐക്യവേദി ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂരിലെ ജി.എസ്.ടി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.