മൂവാറ്റുപുഴ: ശ്രീനാരായണഗുരുദേവന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമാകാൻ തയ്യാറെടുത്ത് മൂവാറ്റുപുഴ നഗരം. മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു. യൂണിയൻ ആസ്ഥാനം മുതൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മഞ്ഞക്കൊടിയും ഗുരുദേവചിത്രങ്ങളുംകൊണ്ട് അലങ്കരിക്കും. രാവിലെ ശാഖകളിൽ പ്രാ‌ർത്ഥനയും ഗുരുദേവ കീർത്തനാലാപനവും ഉച്ചയ്ക്ക് പ്രസാദം ഊട്ടും നടക്കും. തുടർന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഒത്തുകൂടിയശേഷം മഹാഘോഷയാത്ര ആരംഭിക്കും.

ഘോഷയാത്ര നഗരം ചുറ്റി ടൗൺഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതവും ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശവും സമ്മാനദാനവും നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. വാർഡ് കൗൺസിലർ ജിനു മടേക്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ.തമ്പാൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ എന്നിവർ സംസാരിക്കും. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ എം.എസ്. വിത്സൻ, എൻ.ആർ. ശ്രീനിവാസൻ, എംപ്ലോയ്‌സ് ഫോറം പ്രസിഡന്റ് കെ.ജി. അരുൺകുമാർ, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ.കെ.കെ. രാജൻ, സെക്രട്ടറി എം.എസ്. ഷാജി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, യൂണിയൻ സൈബർ സേനാ മേധാവി കെ.എ. ദീപു എന്നിവർ പങ്കെടുക്കും. വയനാട് ദുരന്ത സാഹചര്യത്തിൽ നടത്തുന്ന ജയന്തി ആഘോഷങ്ങൾ ആർഭാടരഹിതവും ഭക്തിനിർഭരവുമായിരിക്കും.