കൊച്ചി: എസ്.എൻ ട്രസ്റ്റ് കോളേജുകളുടെ മാനേജരായ വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേചെയ്തു. ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് ഉത്തരവ്.
കൊല്ലം നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജിലെ അസോ. പ്രൊഫസർ ഡോ. ആർ. പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും സസ്‌പെഷൻ ഉത്തരവും മറ്റുശിക്ഷണ നടപടികളും റദ്ദാക്കി സർവീസിൽ പ്രവേശിപ്പിക്കാനുള്ള അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്.
തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണലിന്റെ വിധിക്കെതിരെ മാനേജർ നേരത്തേ ഹൈക്കോടതിയിൽ ഫയൽചെയ്ത റിട്ട്ഹർജി നിലവിലുണ്ടെന്നും ട്രൈബ്യൂണലിന്റെ ഉത്തരവ് സബ്കോടതി മുഖേനയാണ് നടപ്പാക്കേണ്ടതെന്ന് നിയമമുണ്ടെന്നും വെള്ളാപ്പള്ളിക്കുവേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻബാബു ബോധിപ്പിച്ചു.
കുറ്റാരോപണമെമ്മോയ്ക്കും കുറ്റാരോപണപത്രികയ്ക്കും സസ്‌പെൻഷൻ ഉത്തരവിനുമെതിരായ അപ്പീൽ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും ഉത്തരവ് അസാധുവാണെന്നുമായിരുന്നു വാദം. ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയിൽ ഫയൽചെയ്ത അപ്പീലിലാണ് വാറന്റ് സ്റ്റേചെയ്തത്.