s

കിഴക്കമ്പലം: നാട്ടിൽ തന്റെ പേരിൽ ഉയരേണ്ട ഇൻഡോർ സ്റ്റേഡിയം എങ്ങുമെത്താത്തതിന്റെ പരിഭവം പങ്കുവച്ച് ഹോക്കി ഇതിഹാസം പി.ആർ ശ്രീജേഷ്. വെള്ലിയാഴ്ചയായിരുന്നു ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ശ്രീജേഷ് നാട്ടിൽ തിരിച്ചെത്തിയത്. ഇന്നലെയാണ് തന്റെ പേരിലുള്ള സ്റ്റേഡിയത്തിനറെ പണി നിലച്ചതിന്റെ പരിഭവം ശ്രീജേഷ് പങ്കുവച്ചത്.

. ശ്രീജേഷിന്റെ പേരിൽ നിർമ്മാണമാരംഭിച്ച കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയമാണ് അധികൃതരുടെ അവഗണന കാരണം പണിതീരാതെ കാടുമൂടി കിടക്കുന്നത്.

''സ്​റ്റേഡിയം ഇപ്പോഴും ഒരു വിഷമമാണ്. നമ്മളെക്കൊണ്ട് നാടിന് എന്തെങ്കിലും വികസനം ഉണ്ടാകണമെന്നും അല്ലെങ്കിൽ നമ്മളാൽ നാടിനെ ലോകമറിയണമെന്നും മാത്രമാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. സ്‌​റ്റേഡിയത്തിന്റെ പണി തുടങ്ങിയപ്പോൾ അഭിമാനമായിരുന്നു. ഇപ്പോൾ അത് കാടുമൂടി കിടക്കുകയാണ്. എന്റെ പേരിന് ലഭിക്കാവുന്ന ഏ​റ്റവും വലിയ കളങ്കമാണത്.-ശ്രീജേഷ് പറഞ്ഞു.

ഇന്നലെ വീട്ടുകാർക്കൊപ്പം

ആശംസകളും അഭിനന്ദനവുമറിയിക്കാൻ കിഴക്കമ്പലത്തെ പാറാട്ട് വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുമ്പോഴും വീട്ടുകാരോടൊത്ത് പരമാവധി സമയം പങ്കിടുകയായിരുന്നു ശ്രീജേഷ് ഇന്നലെ. നാട്ടിലെത്തിയാൽ രാവിലെ 6 ന് എഴുന്നേൽക്കുന്ന പതിവ് ഇന്നലെയും തെ​റ്റിയില്ല. 7 നു മുമ്പായി വീട്ടുകാരോടുത്തുള്ള പ്രഭാത ഭക്ഷണവും പൂർത്തിയാക്കിയതോടെ ചെറുസംഘങ്ങളായി ആദരിക്കാനെത്തുന്നവരുടെ വരവ് തുടങ്ങിയിരുന്നു.

തനി നാട്ടിൻപുറത്തുകാരനാകാനാണ് ശ്രീജേഷിനിഷ്ടം. വീട്ടിലെത്തുന്ന ആരായാലും എളിമ കൈവിടാതെയുള്ള പെരുമാറ്റം ശ്രീജേഷിനെ വ്യത്യസ്തനാക്കുന്നു. എത്ര തിരക്കായാലും തന്നെ തേടി സെൽഫിക്കെത്തുന്ന ആരാധകരെയും വെറുപ്പിക്കാതെ പരമാവധി സഹകരിക്കും. ദിവസവും വൈകിട്ട് സുഹൃത്തുക്കളുമായി സംസാരിക്കാനും സമയം കണ്ടെത്തും.

വീട്ടിലെത്തിയാൽ നാടൻ ഭക്ഷണമാണ് പ്രിയമെന്ന് അമ്മ ഉഷ പറയുന്നു. സാമ്പാറും അവിലയലും ഉൾപ്പെടെ പ്രിയ വിഭവങ്ങളാണ് അമ്മ ഇന്നലെ ഒരുക്കിയിരുന്നത്.