വൈപ്പിൻ: ചിങ്ങം പിറന്നതോടെ ഗ്രാമങ്ങൾ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പൊലിമയേറിയ ഓണാഘോഷം സംസ്ഥാനത്ത് ഉണ്ടാകാനിടയില്ലെങ്കിലും കാലങ്ങളായുള്ള ഓണയൊരുക്കത്തിന് മുടക്കം വരാതെ നോക്കുകയാണ് ഗ്രാമങ്ങളിലുള്ളവർ. പൂക്കള മത്സരങ്ങൾ പോലെ തന്നെ വൈപ്പിൻ മേഖലയിൽ പ്രധാനമാണ് ഓണക്കളികൾ, അതിൽ കൈകൊട്ടിക്കളി ഒന്നാമതും.
മുമ്പ് ദിവസങ്ങൾ നീളുന്ന ഓണക്കളി പരിശീലനമാണ് നാടിനെ ഓണത്തിന്റെ വരവ് അറിയിച്ചിരുന്നത്. സാധാരണക്കാർ ജോലി കഴിഞ്ഞ് സന്ധ്യക്ക് ശേഷം ഏതെങ്കിലും വീട്ടുമുറ്റത്ത് ഓണക്കളി പരിശീലനം തുടങ്ങും. ദിവസം രണ്ട് മണിക്കൂറോളം നീളുന്ന പരിശീലനം അവസാനിക്കുന്നത് തിരുവോണനാളുകളിലും തുടർന്ന് രണ്ട് ദിവസങ്ങളിലും ഉച്ചയൂണ് കഴിഞ്ഞ് ഏതെങ്കിലും വീട്ടുമുറ്റത്ത് ഓണക്കളി മത്സരങ്ങളോടെയാണ്. വലുപ്പ ചെറുപ്പമില്ലാതെയാണ് കളി. നാട്ടുകാരെല്ലാം കാഴ്ചക്കായി ഒത്തുകൂടും.
ടെലിവിഷന്റെ വരവോടെ ഓണക്കളികൾക്ക് കാണികൾ ഇല്ലാതായി. ഇതോടെ കളിസംഘങ്ങളും പിൻവാങ്ങി. പിന്നീട് ഓണക്കളി പേര് മാറ്റി കൈകൊട്ടി കളി എന്ന പേരിൽ തിരികെയെത്തി. പുരുഷന്മാർ രംഗത്തില്ല.
രൂപവും ഭാവവും മാറി ഓണക്കളി
കാര്യമായ തയ്യാറെടുപ്പ് ഇല്ലാതെയാണ് പണ്ട് ഓണക്കളികളെങ്കിൽ ഇപ്പോൾ കൈകൊട്ടികളിയുടെ രൂപവും ഭാവവും മാറി. ണ്ടത്ര മുന്നൊരുക്കളോടെയാണ്. യൂണിഫോമിലായിരിക്കും. കളിക്കുന്നവർ പാട്ട് പാടാതെ സൗണ്ട് സിസ്റ്റത്ത പ്രയോജനപ്പെടുത്തി തുടങ്ങി. പ്രശസ്തമായ നാടൻ പാട്ടുകളുടെ പിന്നണിയോടെയാണ് കളിക്കാർ താളം വയ്ക്കുന്നത്. ഒരു ടീമിൽ 12 മുതൽ 20 വരെ കളിക്കാരുണ്ടാകും. നാല് മുതൽ 10 വരെ ടീമുകളുണ്ടാവും ഇപ്പോൾ മത്സരരംഗത്ത്. കൈകൊട്ടിക്കളിക്ക് പ്രിയമേറിയതോടെ ഉത്സവങ്ങൾ, സംഘടനകളുടെ വാർഷികങ്ങൾ എന്നിവയ്ക്ക് സ്ഥിരം പ്രോഗാമായി. മത്സരങ്ങൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 5000 രൂപ മുതൽ അരലക്ഷം രൂപ വരെ സംഘാടകർ നല്കുന്നുണ്ട്.
വൈപ്പിൻ കരയിലെ സഹകരണബാങ്ക് ഇത്തവണ ഓണത്തിന് കൈകൊട്ടിക്കളി മത്സരം നടത്തുന്നുണ്ട്. മാലിപ്പുറത്തെ കർത്തേടം സഹകരണ ബാങ്ക് ആണ് മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം 20001, രണ്ടാം സമ്മാനം12501, മൂന്നാംസമ്മാനം 7501 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബുകളും സാംസ്‌കാരിക കൂട്ടായ്മകളും ഒക്കെ കൈകൊട്ടികളി മത്സരങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.