ആലുവ: 14 കോടി രൂപ ചെലവിൽ നവീകരിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആറ് മാസത്തിന് ശേഷം യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ തയ്യാറായി. ആലുവ അർജുന നാച്ചുറൽസ് ആൻഡ് എക്സ്ട്രക്ഷൻസിന്റെ സാമ്പത്തിക സഹായത്തോടെ 11 ലക്ഷം രൂപ ചെലവിൽ 129 യാത്രക്കാർക്ക് ഒരേസമയം ഇരിക്കുന്നതിനുള്ള സൗകര്യമാണ് ഇന്നലെ തയ്യാറായത്. ഫെബ്രുവരി 10ന് നവീകരിച്ച ആലുവ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തെങ്കിലും യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ലാത്തത് ഏറെ വിവാദമായിരുന്നു. ഇതേതുടർന്നാണ് അൻവർ സാദത്ത് എം.എൽ.എ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഇരിപ്പിടങ്ങൾ തയ്യാറാക്കിയത്. മൂന്ന് പേർക്ക് വീതം ഇരിക്കാവുന്ന 43 സെറ്റ് സ്റ്റീൽ കസേരകളാണ് തയ്യാറാക്കിയത്. അർജുന നാച്ചുറൽസ് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ ഇരിപ്പിടങ്ങൾ ഉദ്ഘാടനം ചെയ്തു. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, വാർഡ് കൗൺസിലർ പി.പി. ജയിംസ്, എ.ടി.ഒ പി.എൻ. സുനിൽകുമാർ, എ.ഇ അസീം, ടി.വി. അനിൽകുമാർ, പ്രദീപ് എന്നിവർ പങ്കെടുത്തു.