കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര സമിതിയുടെയും നേതൃത്വത്തിലുള്ള ഗണേശപൂജയും വിഗ്രഹനിമജ്ജനവും സെപ്തംബർ 6, 7, 8, തീയതികളിൽ ഡർബാർഹാൾ ഗ്രൗണ്ടിൽ നടക്കും.

ആറിന് രാവിലെ 10.30ന് ജില്ലയിലെ ആദ്യവിഗ്രഹപ്രതിഷ്ഠ നടക്കും, ഗണേശവിഗ്രഹത്തിന്റെ മിഴിതുറക്കൽ ചടങ്ങ് തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ. സ്വാമി നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിന് അങ്കമാലി, കുന്നുകര, ആലുവടൗൺ, ആലുവ എസ്.എൻ പുരം, കോലഞ്ചേരി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, മുളന്തുരുത്തി, കുമ്പളം, പള്ളുരുത്തി, കുഴുപ്പിള്ളി, പുതുവൈപ്പ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഗണേശവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജ നടത്തും.

വിനായക ചതുർത്ഥി ദിനമായ 7ന് രാവിലെ 5ന് ആചാര്യൻ കെ. വിദ്യാസാഗർ ഭട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. എല്ലാ ദിവസവും 5ന് ഗണപതിഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഭജന, നാരായണീയ പാരായണം.

എട്ടിന് വൈകിട്ട് 3.30ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, സ്വാമി ആദിത്യ സ്വരൂപാനന്ദപുരി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് നാലിന് നിമജ്ജനയാത്ര ആരംഭിച്ച് മേനക, ഹൈക്കോടതിവഴി പുതുവൈപ്പ് ബീച്ചിലെത്തി വിഗ്രഹനിമജ്ജനം നടത്തും.

ആഘോഷകമ്മിറ്റി ചെയർമാൻ പി. രാജേന്ദ്രപ്രസാദ്, ഗണേശോത്സവ ട്രസ്റ്റ് പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് എ.ബി. ജയൻ, ജനറൽ കൺവീനർ എസ്.സുഗുണൻ, ശശീന്ദ്ര കെ.ശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.