ആലുവ: പുളിഞ്ചോട് മെട്രൊ സ്റ്റേഷന് സമീപം ദേശീയപാതയിൽ മാലിന്യം നിക്ഷേപിച്ച ലോറിയും ജീവനക്കാരനും പിടിയിലായി. ഈറോഡ് സ്വദേശി ഗണേശ(40)നെയും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് കസ്റ്റഡിയിലെടുത്തത്.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സി.സി ടി.വി ക്യാമറയിൽ ദൃശ്യം പതിഞ്ഞതിനെ തുടർന്ന് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ലോറി പിടികൂടി ആലുവ ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ആലുവ മാർക്കറ്റിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്നതാണ് ലോറി. തിരികെ കയറ്റിയ മാലിന്യമാണ് പുളിഞ്ചോട് നിക്ഷേപിച്ചതെന്നാണ് സൂചന. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർപേഴ്‌സൺ റൂബി ജിജി, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, ഷെമീർ ലാല, പഞ്ചായത്ത് സെക്രട്ടറി പി.കെ. മഹേഷ്‌കുമാർ എന്നിവർ ചേർന്നാണ് ലോറി പിടിച്ചെടുത്തത്. പൊലീസ് കേസെടുക്കുന്നതിന് പുറമെ പഞ്ചായത്ത് പിഴ ചുമത്തിയ ശേഷമേ ലോറി ഉടമയ്ക്ക് വിട്ടുനൽകുകയുള്ളു.