കിഴക്കമ്പലം: അധികൃതരുടെ അനാസ്ഥയിൽ കുന്നത്തുനാട് പഞ്ചായത്തിന്റെ പട്ടിമറ്റം ടൗണിലെ ഷോപ്പിംഗ് കോംപ്ളെക്സ് കെട്ടിടം അനാഥമായി. സംരക്ഷണമില്ലാതെ വന്നതോടെ കോടികൾ വിലമതിക്കുന്ന കെട്ടിടം നാശോന്മുഖമാകുകയാണ്. പട്ടിമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് നിലകളിലായി 3200 ചതുരശ്രയടിയിൽ 2013ൽ പൂർത്തിയാക്കി നാടിന് സമർപ്പിച്ച കെട്ടിടമാണിത്. എന്നാൽ ഇന്ന് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ അന്യായത്തെ തുടർന്നാണ് അധികൃതർ കെട്ടിടത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയത്. മൂന്ന് വർഷം മുമ്പ് വരെ എസ്.ബി.ഐ പട്ടിമറ്റം ശാഖ താഴത്തെ നിലയിൽ 45000 രൂപ മാസവാടകയ്ക്ക് പ്രവർത്തിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങളോടെ ശാഖ മാറിയതോടെയാണ് സ്വകാര്യ അന്യായത്തിന്റെ തുടക്കം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള ജയഭാരത് വായനശാലയ്ക്ക് വേണ്ടി താഴെ നില നൽകണമെന്നായിരുന്നു ഹർജി. കേസ് നടത്തിപ്പിൽ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് അനിശ്ചിതമായി കേസ് നീളുന്നതിന് കാരണമായത്.

രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന ഓപ്പൺ എയർ സ്റ്റേജും ഇവിടെയാണ്. ഇതടക്കം

സംരക്ഷിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഷോപ്പിംഗ് കോംപ്ളെക്സ് നശിക്കുന്നതോടെ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന പട്ടിമറ്റത്തെ വായനശാല കൂടിയാണ്. പട്ടിമറ്റത്ത് അടുത്തയിടെ പ്രവർത്തനം തുടങ്ങിയ മൾട്ടി നാഷണൽ ബാങ്ക് ആദ്യം പഞ്ചായത്തിൽ ബന്ധപ്പെട്ട് കെട്ടിടം ലഭ്യമാക്കുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

കോംപ്ലെക്സ് നിർമ്മാണം പൂർത്തിയാക്കിയത് 2012ൽ

നിർമ്മാണം കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് 60 ലക്ഷം രൂപ ലോണും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച്

നാശോന്മുഖമാകുന്നത് 50000 രൂപയ്ക്ക് മുകളിൽ പഞ്ചായത്തിന് വാടകയായി മാസ വരുമാനം ലഭിക്കാവുന്ന കെട്ടിടം

നിലവിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം പട്ടിമറ്റത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതിനോടനുബന്ധിച്ചാണ് മദ്യമടക്കമുള്ള ലഹരി ഉപയോഗിക്കുന്നവർ ഇവിടുത്തെ ഓപ്പൺ എയർ സ്​റ്റേജും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളെക്‌സിലെ മുറികളുടെ മുൻഭാഗവും അന്തിയുറക്കത്തിന് കൈയേറി അന്തിമയങ്ങിയാൽ ഈ ആർക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് മയക്കുമരുന്ന് കൈമാറ്റത്തിനടക്കം ഇവിടം വേദിയാകുന്നു

കേസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയാണ് പഞ്ചായത്തിന് നല്ല നിലയിൽ ലഭിക്കേണ്ട വാടകയടക്കം നഷ്ടപ്പെടാൻ കാരണം. നിരുത്തരവാദമായ സമീപനത്തിൽ നിന്ന് പഞ്ചായത്ത് അധികൃതർ പിന്മാറി പട്ടിമറ്റത്തിന് തിലകക്കുറിയാകേണ്ട കെട്ടിടം സംരക്ഷിക്കണം

ടി.എ. ഇബ്രാഹിം

പഞ്ചായത്ത് അംഗം

പട്ടിമറ്റം