കൊച്ചി: ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ജെ. അമൃതകൃഷ്ണയ്ക്ക്. നാലാം തവണയാണ് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ റാങ്കുകളോടെ മികച്ച വിജയം നേടുന്നത്. കോളേജിന് അഭിമാനകരമായ വിജയം സമ്മാനിച്ച അമൃതകൃഷ്ണയെയും ഉന്നത വിജയം നേടിയ കോളേജിലെ മറ്റ് വിദ്യാർത്ഥികളെയും ആദരിക്കുമെന്ന് സെക്രട്ടറി സുധാകരൻ പോളശ്ശേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
700 ബെഡ്ഡുകളുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി, യൂറോളജി, നെഫ്രോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി വിഭാഗങ്ങൾ വിപുലീകരിക്കുന്നതിനും സർജിക്കൽ ഓങ്കോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ ഉടൻ തുടങ്ങും. ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായി ലഫ്റ്റനന്റ് ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ ചാർജെടുത്തതായി പ്രസിഡന്റ് ശ്രീധരൻ ജയകുമാർ അറിയിച്ചു. ചാലാക്കയിലെ മെഡിക്കൽ കോളേജിന് സമീപത്തുള്ളവർക്ക് കുറഞ്ഞചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പ്രിവിലേജ് കാർഡുകൾ ഉൾപ്പെടെയുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. വർഷം 20 കോടി രൂപയുടെ ചാരിറ്റി പദ്ധതികളും നടപ്പിലാക്കും.
150 സീറ്റുകളുള്ള എം.ബി.ബി.എസ് കോഴ്‌സ് വിഭാഗത്തിൽ നിരവധി ഉത്തരേന്ത്യൻ വിദ്യാർത്ഥികളുമുണ്ട്. ജനറൽ മെഡിസിൻ, റെസ്‌പറേറ്ററി മെഡിസിൻ, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്സ‌്, ഇ.എൻ.ടി, കമ്യൂണിറ്റി മെഡിസിൻ, സൈക്യാട്രി, ഫാർമക്കോളജി തുടങ്ങിയവയിൽ പി.ജി കോഴ് സുകളും ഇവിടെയുണ്ട്. ബി.എസ്‌സി നഴ്സിംഗിന് 45 സീറ്റുകൾ വീതമുള്ള 3 ബാച്ചുകളും പാരാമെഡിക്കൽ കോഴ്‌സുകളും നടത്തുന്നു.
വാർത്താസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ലഫ്. ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ, വൈസ് പ്രസിഡന്റ് കെ.കെ. കർണ്ണൻ, റാങ്ക് ജേതാവ് ജെ. അമൃതാ കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.