ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ പത്താമത് ഗുരുദേവ പുന:പ്രതിഷ്ഠാ വാർഷികം ഭക്തിസാന്ദ്രമായി നടന്നു. നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും ആശ്രമം മേൽശാന്തി പി.കെ. ജയന്തന്റെയും കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ കലശവും നടന്നു. സ്വാമിനി നാരായണചിത് വിലാസിനി, സ്വാമി ഋഷി നാരായണ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സത്‌സംഗം, ഗുരുപൂജ എന്നിവയും നടന്നു.