കൊച്ചി: വേഗമേറിയതും ഫലപ്രദവുമായ നീതിന്യായവ്യവസ്ഥ ഉറപ്പുവരുത്തുന്നതാണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ അഭിഭാഷകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടിയാലോചനകൾ ഇല്ലാതെയാണ് പുതിയ നിയമനിർമ്മാണം നടത്തിയതെന്ന വാദം തെറ്റാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എം.പിമാർ, എം.എൽ.എമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എഡപ്പകത്ത് പ്രബന്ധം അവതരിപ്പിച്ചു.
ജസ്റ്റിസുമാരായ എൻ. നഗരേഷ്, എസ്. മനു, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അദ്ധ്യക്ഷൻ യശ്വന്ത് ഷേണായി, ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജ്കുമാർ, സെൻട്രൽ ഗവ. സീനിയർ അഭിഭാഷകരായ ടി.സി. കൃഷ്ണ, കൃഷ്ണദാസ് പി. നായർ, ബിജു സി. ദിനേശ് എന്നിവർ പ്രസംഗിച്ചു.