പറവൂർ: പുതിയ ദേശീയപാതയിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ജനകീയ ഹർത്താലും ദേശീയപാത ഉപരോധവും നടത്തുമെന്ന് പട്ടണം ജനകീയ സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂയപ്പിള്ളി, ചിറ്റാറ്റുകര, പട്ടണം, മുനമ്പം കവല, കുഞ്ഞിത്തൈ ഭാഗത്തുള്ള 30,000ലധികം പേരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണ് ദേശീയപാത അധികൃതർ സ്വീകരിക്കുന്നത്. ഈ പ്രദേശത്തുള്ളവർക്ക് സഞ്ചരിക്കാനുള്ള ഏകഅടിപ്പാത നിലവിൽ മുനമ്പം കവലയിലേത് മാത്രമാണ്. നാളെ രാവിലെ പത്തിന് പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധജാഥ പട്ടണം കവലയിലെത്തിച്ചേരും. തുടർന്ന് നടക്കുന്ന ഉപരോധത്തിൽ രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.