പെരുമ്പാവൂർ: കാർഷിക സമൃദ്ധിയെ തൊട്ടറിയാൻ ഫാം ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകൾ ഒരുക്കി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കർഷകക്ഷേമ കാർഷിക വികസന വകുപ്പിന്റെ ഒക്കൽ വിത്തുല്പാദന കേന്ദ്രം. ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമ്മിച്ച നടുമുറ്റവും ഓപ്പൺ എയർ സ്‌റ്റേജും ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. എം.സി റോഡിനോട് ചേർന്ന് 32 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഒക്കൽ കൃഷി ഫാമിനെക്കുറിച്ചറിയുന്നതിനും പ്രകൃതി സൗഹൃദ കൃഷിരീതികളെ പരിചയപ്പെടുന്നതിനും കാർഷിക ഉൽപ്പന്നങ്ങളെ നേരിട്ടറിയുന്നതിനും സാഹചര്യമൊരുക്കുകയാണ് ഫാം ടൂറിസം പദ്ധതിയുടെ ലക്ഷ്യം. പച്ചക്കറിത്തൈകളുടെ ഉത്പാദനവും വിവിധ കൃഷികൾക്ക് മണ്ണൊരുക്കുന്നതും അലങ്കാരച്ചെടികളും അലങ്കാല മത്സ്യങ്ങളും വീക്ഷിക്കാനുള്ള സൗകര്യവും ഇതിന് പുറമെ യന്ത്രവത്കൃത കൃഷി കാണുന്നതിനും പരിശീലിക്കുന്നതിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികളടക്കമുള്ള പുതിയ തലമുറയെ കാർഷികാഭിരുചിയുള്ളവരായി മാറ്റിയെടുക്കാനുള്ള സംരഭങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഇവിടെ എത്തുന്നവർക്കായി ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും വിദഗ്ദ്ധരുടെ ക്ലാസുംസജ്ജീകരിക്കുമെന്ന് ഫാം സൂപ്രണ്ട് ഫിലിപ്പ് ജി. കാനാട്ട് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മികച്ച വിത്തുല്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഒക്കൽ ഫാമിന്റെ സാദ്ധ്യതകളെ പൂർണമായി വിനിയോഗിക്കാൻ കഴിയും വിധത്തിലാണ് ഫാം ടൂറിസം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഫാമിന്റെ പ്രവർത്തനങ്ങൾ പരിപൂർണമായും സോളാർ വൈദ്യുതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിക്കും.
മനോജ് മൂത്തേടൻ
പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത്
നടുമുറ്റവും ഓപ്പൺ എയർ സ്റ്റേജും ശുചിമുറി സമുച്ചയവും നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് ചെലവാക്കിയത്
30 ലക്ഷം രൂപ
തുടർ നിർമ്മാണ പ്രവർത്തനങ്ങൾ
1.ആംഫി തീയറ്റർ
2.നെൽപ്പാടത്തിനരികിലൂടെ സൈക്കിൾ പാത്ത്
3.ചൂണ്ടയിടാനുള്ള സൗകര്യം
4.ഫുഡ് കോർണർ
5. നെൽപ്പാടത്തിന് നടുവിൽ സെൽഫി കോർണറുകളും ഏറുമാടവും
6.പഴയകാല കാർഷിക ഉപകരണങ്ങളുടെ മാതൃകകൾ
7.പരിശീലന ഹാൾ
8.ഇക്കോ ഷോപ്പ്