പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമാക്കി ദിവ്യജ്യോതി പര്യടനം പൂർത്തിയായി. യൂണിയനിലെ 72 ശാഖായോഗങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായായിരുന്നു പര്യടനം. ശാഖാ കേന്ദ്രങ്ങൾ, കുടുംബയൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ്, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളടക്കം നൂറുകണക്കിന് കേന്ദ്രങ്ങളിൽ ദിവ്യജ്യോതി സ്വീകരണം നടന്നു. ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് പകർന്നെടുത്ത ദിവ്യജ്യോതിയുടെ പര്യടനം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരുന്നു. ഇന്നലെ ചിറ്റാറ്റുകര, കരുമാല്ലൂർ മേഖലകളിലെ പതിനഞ്ച് ശാഖകളിൽ പര്യനം നടത്തി. ചിറ്റാറ്റുകര ശാഖയിൽ നിന്ന് ആരംഭിച്ച പര്യടനം കരുമാല്ലൂർ ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.