പെരുമ്പാവൂർ: വയനാട് ദുരന്ത മേഖലയിലെയ്ക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഫണ്ട് ശേഖരിക്കാനായി ടോയിലറ്റ് ക്ലീനിങ്ങ് ലോഷൻ ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച് വിപണിയിലെത്തിച്ചു. വിൽപനയിലൂടെ ലഭിക്കുന്ന ലാഭ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കൈമാറണമെന്നതാണ് വിദ്യാർത്ഥികളുടെ ആഗ്രഹം. സ്കൂളിലെ നാഷണൽ സർവീസ് സ്കീം , ജൂനിയർ റെഡ് ക്രോസ്, ഓൺട്രപ്രണർ ഡെവലപ്പ്മെന്റ് ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് വേണ്ടി പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾ വീടു വീടാന്തരം കയറി ഇറങ്ങി ലോഷൻ വിറ്റു. ഒരു ലിറ്റർ ടോയിലറ്റ് ലോഷന് 30 രൂപയാണ് വില, രണ്ടെണ്ണം ഒരുമിച്ച് വാങ്ങുന്നവർക്ക് 50 രൂപ കോമ്പോ ഓഫറും ലഭിക്കും. സ്കൂൾ പ്രിൻസിപ്പൽ ആർ.സി. ഷിമി, ഹെഡ്മിസ്ട്രസ് പി.എസ്. മിനി, പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലി, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ്, മദർ പി.ടി.എ പ്രസിഡൻ്റ് സരിത രവികുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , ജൂനിയർ റെഡ് ക്രോസ് ടീച്ചർ വി.എസ്. കല, ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ്, ഡോ. അരുൺ ആർ. ശേഖർ, ഭവ്യ തുടങ്ങിയവർ നേതൃത്വം നൽകി.