കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ ഇന്ന് കൊടിമരച്ചുവട്ടിൽ നടക്കും. കൊടിമരച്ചുവട്ടിൽ നടത്താനുള്ള ദേവസ്വം തീരുമാനത്തിൽ ഹൈക്കോടതി ഇടപെടാതിരുന്നതിനെ തുടർന്നാണിത്. ദേവഹിതവും തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം ഭരണസമിതി എടുത്ത തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി.
തിരക്കും ഭക്തജനങ്ങളുടെ സൗകര്യവും കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തീരുമാനിച്ചതെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.
ഇല്ലം നിറ പൂജ നമസ്‌കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിൽ പി.സി. കൃഷ്ണൻ അടക്കം 9 പേർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സെപ്തംബർ 5ന് വീണ്ടും ഹർജി പരിഗണിക്കും.