കൊച്ചി: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആഹ്വാനംചെയ്ത ഡോക്ടർമാരുടെ പണിമുടക്ക് സമരം ജില്ലയിൽ പൂർണം. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത വിധത്തിലായിരിന്നു പണിമുടക്ക്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന അടിയന്തര ശസ്ത്രക്രിയകൾ തടസമില്ലാതെ നടന്നു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് ഇന്നലെ രാവിലെ ആറിനാണ് ആരംഭിച്ചത്. നൂറുകണക്കിന് ഡോക്ടർമാരുടെ നേതൃത്വത്തിൽ രാത്രി ഏഴിന് കലൂർ ഐ.എം.എ ഹൗസിന് മുന്നിൽനിന്ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേയ്ക്ക് നടത്തിയ പന്തംകൊളുത്തിപ്രകടനം കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രികളും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുന്ന സംഭവം ദിനംതോറും വർദ്ധിച്ചുവരികയാണ്. ഇത് തടയാൻ ശക്തമായ കേന്ദ്രനിയമം അനിവാര്യമാണ്. നിലവിൽ നടപ്പിലാക്കിയിരിക്കന്ന ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകൾ ആരോഗ്യമേഖലയ്ക്ക് സംരക്ഷണം നൽകുന്നില്ലെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും മതിയായ സുരക്ഷ ഉറപ്പാക്കൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് മെഡിക്കൽ സംഘടനകൾ ആവശ്യപ്പെട്ടു. ഐ.എം.എയുടെ എറണാകുളം ജില്ലയിലെ മുഴുവൻ ശാഖകളും സമരത്തിൽ പങ്കെടുത്തു.
മെഡിക്കൽ രംഗത്തെ മറ്റ് സംഘടനകളായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോ. (കെ.ജി.എം.ഒ.എ), ഇൻഡ്യൻ ഡെന്റൽ അസോ. (ഐ.ഡി.എ), മെഡിക്കൽ സ്റ്റുഡന്റ് നെറ്റ് വർക്ക് (എം.എസ്.എൻ), കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോ. (കെ.ജി.എം.സി.ടി.എ), കേരള ഗവ. ഇൻഷ്വറൻസ് ഓഫീസേഴ്‌സ് അസോ. (കെ.ജി.ഐ.ഒ.എ) കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ), ഹെൽത്ത് ഇൻസ്‌പെക്ടേഴ് അസോ., കേരള ഡെന്റൽ കൗൺസിൽ ഓഫീസേഴ്‌സ് അസോ., വിവിധ നഴ്‌സിംഗ് സംഘടനകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തംകൊളുത്തി പ്രകടനത്തിൽ പങ്കെടുത്തു.