a-i-fashion

ശീമാട്ടിയുടെ പുതിയ മുഖമാകാൻ ഇഷ രവിയെന്ന എ.ഐ മോഡൽ

കൊച്ചി: നിർമ്മിത ബുദ്ധി(എ.ഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യ ഫാഷൻ ബ്രാൻഡ് അംബാസഡറെ നിർമ്മിച്ച് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എ.ഐ ഫാഷൻ മോഡൽ ഇനി ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. നിറങ്ങളോടും യാത്രകളോടും അതിയായ താത്പര്യവും ഫാഷനബിളും സ്വയം പര്യാപ്തതയുമായ പെൺകുട്ടിയായാണ് ഇഷയെ അവതരിപ്പിക്കുന്നത്. ഈ പുത്തൻ ചുവടുവയ്പ്പ് ഫാഷൻ ഇൻഡസ്ട്രിയിൽ നിർമ്മിത ബുദ്ധിയുടെ പുരോഗതിയെയും വിപുല സാദ്ധ്യതകളെയും അടയാളപ്പെടുത്തുമെന്ന് ശീമാട്ടി സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു.

സാങ്കേതികവിദ്യയുടെയും ഫാഷന്റെയും കൂടിച്ചേരൽ ഫാഷൻ ലോകത്തുതന്നെ പുതിയ വാതിലുകൾ തുറക്കുമെന്നും അവർ പറഞ്ഞു. ഇത്തവണയും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് ശീമാട്ടി. ചരിത്രവും കലയും സാംസ്‌കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയിൽ തീർത്ത 'മണ്ഡല' കളക്ഷനാണ് വസ്ത്ര പ്രേമികൾക്കായി ശീമാട്ടി ഒരുക്കിയിട്ടുള്ളത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളിൽ മണ്ഡല കളക്ഷൻസ് ലഭ്യമായിരിക്കും. സെറ്റ് സാരി മുതൽ ജോർജറ്റ്, ഷിഫോൺ, സാറ്റിൻ തുടങ്ങിയ വിവിധയിനം മെറ്റിരിയലുകളിലുള്ള സാരികളിൽ മണ്ഡല ആർട്ടിന്റെ ഭംഗി കാണാം.