കൊച്ചി: മത്സര പരീക്ഷകൾക്കു പരിശീലനം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ വിദ്യാർത്ഥിനിക്ക് കോച്ചിംഗ് കേന്ദ്രം നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ 1.98 ലക്ഷം രൂപ 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ സ്വദേശി നന്ദന എസ്. കർത്തയ്ക്കുവേണ്ടി പിതാവ് കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പ്രമുഖ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗ് സെന്ററായ ഫിറ്റ്ജിക്ക് എതിരെയാണ് ഉത്തരവ്.
ഐ.ഐ.ടി ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള പരിശീലനത്തിന് ഫീസായി 1,53,784 രൂപയും ബാക്കി തുകയ്ക്കുള്ള 1,71,095 രൂപയുടെ ചെക്കും നൽകിയെങ്കിലും യഥാസമയം ക്ലാസ് തുടങ്ങിയില്ല. പലവട്ടം സ്ഥാപനത്തിൽ ചെന്നിട്ടും നടപടിയുണ്ടായില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ കുട്ടിയെ ചേർക്കുകയും ധനനഷ്ടത്തിനും മന:ക്ലേശത്തിനും നഷ്ടപരിഹാരം തേടി പരാതി നൽകുകയുമായിരുന്നു. 16 വയസുള്ള കുട്ടിയുടെ പ്രതീക്ഷകൾ തകർക്കുംവിധമാണ് വാഗ്ദാന ലംഘനം ഉണ്ടായതെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി വിലയിരുത്തി. പരാതിക്കാർക്ക് വേണ്ടി അഡ്വ.എം.വി . ബിപിൻ ഹാജരായി.