ആലുവ: ആലുവ ജനസേവ ശിശുഭവനിൽ വളർന്ന രാജേശ്വരിമോൾ ഇനി നിതിൻലാലിന് സ്വന്തം. ഇന്നലെ രാവിലെ 11.30ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നിതിൻലാൽ രാജേശ്വരിയുടെ കഴുത്തിൽ താലിചാർത്തി.
എളനാട് മിൽക്ക്‌സ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജരായ നിതിൻലാൽ കോഴിക്കോട് കൊടുവള്ളി മറിവീട്ടിൽതാഴം വെള്ളാമ്പാറമലയിൽ ശ്രീനിവാസന്റെയും സീനയുടെയും മകനാണ്. പിതാവ് രാമുവിന്റെ മരണത്തെ തുടർന്ന് മാതാവ് ശാന്ത ഉപേക്ഷിച്ചു പോയപ്പോൾ ജീവിതം വഴിമുട്ടിയ രാജേശ്വരിയെയും സഹോദരൻ കാർത്തിക്കിനെയും നാട്ടുകാരാണ് ജനസേവയിലെത്തിച്ചത്. ഇരുവരും ജനസേവയിൽ നിന്ന് പഠനം പൂർത്തിയാക്കി എളനാട് മിൽക്ക്‌സ് കമ്പനിയിലെ ജീവനക്കാരാണ്. ഇവിടെ വച്ചാണ് നിതിൻലാൽ രാജേശ്വരിയെ പരിചയപ്പെട്ടത്.
1996ൽ ആരംഭിച്ച ജനസേവ ശിശുഭവനിലെ 25 -ാമത്തെ വിവാഹമാണിത്. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോളിന്റെ സാന്നിധ്യത്തിൽ ചെയർമാൻ ജോസ് മാവേലിയാണ് രാജേശ്വരിയുടെ പിതൃസ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ജനസേവ ഇതിനകം രണ്ടായിരത്തോളം കുട്ടികളെ തെരുവിൽ നിന്ന് രക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി താരമുൾപ്പെടെ നിരവധി ജില്ലാ സംസ്ഥാന കായിക താരങ്ങൾ, ബാങ്ക് ജീവനക്കാർ, നഴ്‌സുമാർ, പൊലീസ് ഉദ്യോഗസ്ഥൻ, ആയുർവേദ തെറാപ്പിസ്റ്റുമാർ, ഫാഷൻ ഡിസൈനർമാർ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയ്ക്ക് അഭിമാനമായുണ്ട്.