അങ്കമാലി: നായത്തോട് സൗത്ത് ജംഗ്ഷനും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാഅസോസിയേഷന്റെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. രാത്രികാലങ്ങളിൽ പ്രദേശത്തെ വീടുകളിൽ കളവ് നടക്കുകയും സ്ത്രീകളെ വഴിയിൽ തടഞ്ഞ് നിരന്തരം ശല്യം ചെയ്യലും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം. ഒരു മാസം മുൻപ് സെന്റ് ജോൺസ് ചാപ്പൽ പരിസരത്തെ മൂന്ന് വീടുകളിലായി അർദ്ധരാത്രിയിൽ സ്ത്രീകളെ ശല്യം ചെയ്യുകയും സ്വർണാഭരണം മോഷ്ടിക്കുകയും നിരീക്ഷണ ക്യാമറ തകർക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുൻപ് രാത്രിയിൽ ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടികളെ ശല്യം ചെയ്ത സംഭവവുമുണ്ടായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടുന്ന അക്രമിസംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നായത്തോട് സൗത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് വിനീത ദിലീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ അദ്ധ്യക്ഷയായി. സച്ചിൻ ഐ. കുര്യാക്കോസ്, ഗ്രേസി ദേവസി, ലേഖ മധു, സതി ഗോപാലൻ, ജിഷിത മനോജ് , ടി.വൈ ഏല്യാസ്, ജിജോ ഗർവാസീസ്, വി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.