കൊച്ചി: എട്ടു വയസുകാരിയോട് മോശമായി പെരുമാറിയ മദ്രസ അദ്ധ്യാപകനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പച്ചാളത്തെ ഒരു മദ്രസയിലെ താത്കാലിക അദ്ധ്യാപകനായ കറുകപ്പിള്ളി സ്വദേശി അൻസാരി (60)യാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

മദ്രസ അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന് രണ്ടാം ക്ളാസ് വിദ്യാർത്ഥിനി സ്‌കൂളിലെ അദ്ധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചു. അവർ ശനിയാഴ്ച വൈകിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി.

മറ്റൊരാൾക്ക് പകരക്കാരനായി അടുത്തിടെയാണ് അൻസാരി മദ്രസയിൽ എത്തിയത്. ശനി, ഞായർ ദിവസങ്ങളിലാണ് മദ്രസയിൽ മതപഠനം. മറ്റ് കുട്ടികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയേക്കും. വിവാഹിതനും 27കാരന്റെ പിതാവുമാണ് പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.