വൈപ്പിൻ: പെലാജിക് ട്രോളിംഗ് കർശനമായി തടയണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് ഫിഷറീസ് ഡയറക്ടർ ബി.അബ്ദുൽ നാസറുമായി മത്സ്യത്തൊഴിലാളി സംഘടനാനേതാക്കൾ ഓണലൈൻ ചർച്ച നടത്തി.
കേരള തീരത്ത് മത്സ്യ സമ്പത്ത് കുറഞ്ഞ സാഹചര്യത്തിൽ ട്രോളിംഗ് നിരോധനം 90 ദിവസമായി വർദ്ധിപ്പിക്കണം, 12 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ ചെറുവഞ്ചികൾ ഒഴികെ എല്ലാ യാനങ്ങളുടെയും രാത്രികാല മത്സ്യബന്ധനം നിരോധിക്കണം, ചെറുമീൻ കൊണ്ട് പോകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണം, കടലാമകൾ പിടിക്കപ്പെടാതിരിക്കാൻ ടി.ഇ.ഡി .ഘടിപ്പിക്കണം, വർദ്ധിപ്പിച്ച ഫീസുകൾ കുറക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചത്.
നിയമപരമായി വേണ്ട കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഡയറക്ടർ ഉറപ്പ് നല്കി. ജോ. ഡയറക്ടർ എസ്. മഹേഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൻ, അസി. ഡയറക്ടർ പി. അനീഷ്, എ.സി.പി ജയകുമാർ, മത്സ്യത്തൊഴിലാളി പ്രതിനിധികളായി ജാക്‌സൺ പൊള്ളയിൽ, ആന്റണി കുരിശിങ്കൽ, പി.വി. ജയൻ , ടി.കെ. മുരളീധരൻ, ആശ്രയം രാജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.