rabia

കൊച്ചി: മക്കൾ ഉപേക്ഷിച്ച വൃദ്ധമാതാവിനെ സന്നദ്ധസംഘടനയായ പീസ് വാലി ഏറ്റെടുത്തു. എലൂർ നഗരസഭ രണ്ടാം വാർഡിൽ താമസക്കാരിയായ റാബിയ അബ്ദുൽ റഹ്മാനാണ് (74) മൂന്നുമക്കളുണ്ടായിട്ടും അഭയകേന്ദ്രത്തിലേക്ക് പോകേണ്ടിവന്നത്.

മദ്യപാനിയായ മകന്റെ ഉപദ്രവം സഹിക്കാനാവാതെ റാബിയ പലപ്പോഴും തെരുവിലാണ് കഴിച്ചുകൂട്ടിയിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചു. പല ദിവസങ്ങളിലും ഭക്ഷണം പോലും നൽകിയിരുന്നില്ല. ഇടയ്ക്കിടെ പൊലീസ് ഇടപെട്ടിരുന്നെങ്കിലും പ്രശ്നപരിഹാരമായില്ല. രണ്ട് പെൺമക്കളും മാതാവിനെ ഏറ്റെടുക്കാൻ തയ്യാറായില്ല. അന്വേഷിക്കാനെത്തിയ പീസ് വാലി ഭാരവാഹികൾക്ക് മുന്നിൽ 'രക്ഷിക്കണേ'യെന്ന് റാബിയ കേണപേക്ഷിച്ചു. ഇതോടെ വാർഡ് അംഗങ്ങളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ റാബിയയെ എലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് അഭയം നൽകുന്ന പീസ് വാലിയുടെ നിർഭയ കേന്ദ്രത്തിലാണ് ഇവർക്ക് അഭയം നൽകിയത്.