വൈപ്പിൻ: വൈപ്പിൻ മേഖലയിൽ നിന്ന് ഗോശ്രീ പാലങ്ങൾ വഴി ഹൈക്കോടതി ഭാഗം വരെ സർവീസ് നടത്തുന്ന ബസുകളിൽ 19 എണ്ണത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നീട്ടികിട്ടുന്ന പെർമിറ്റുകൾ ലഭിക്കാൻ സാദ്ധ്യത തെളിയുന്നു. ഒരു മാസത്തിനകം നടപടി ക്രമങ്ങൾ പാലിച്ച് പെർമിറ്റുകൾ അനുവദിച്ചേക്കും. എടവനക്കാട് മുതൽ തെക്കോട്ടുള്ള സ്ഥലങ്ങളിൽ നിന്നായിരിക്കും കലൂർ, കാക്കനാട്, തേവര, വൈറ്റില തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നീട്ടിക്കിട്ടുക.
25 കി.മീറ്ററിൽ കൂടുതൽ ഓവർ ലാപ്പിംഗ് അനുവദിക്കില്ലെന്ന നിയമപരിധിക്കുള്ളിൽ നിന്നായിരിക്കും പെർമിറ്റ് അനുവദിക്കുക. ഇതോടെ മുനമ്പം , പറവൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾക്ക് ഹൈക്കോടതിക്ക് അപ്പുറത്തേക്ക് സർവീസ് നീട്ടി കിട്ടില്ല . ഈ അപാകം പരിഹരിക്കണമെന്ന് നഗര പ്രവേശത്തിന് വേണ്ടി സമരം ചെയ്യുന്ന സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന ആർ.ടി.എ യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി , ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് , റൂറൽ എസ്.പി. വൈഭവ് സക്‌സേന, വൈപ്പിൻ കരയിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗിനെ പ്രതിനിധീകരിച്ച് അഡ്വ. ബി.കെ. ഗോപാലകൃഷ്ണൻ, അഡ്വ. വി.പി. സാബു , അനിൽ പ്ലാവിയൻസ്, പി.കെ. മനോജ്, ബസുടമ സംഘടനകൾക്ക് വേണ്ടി പി.കെ. ലെനിൻ, പ്രദീപ് വർഗീസ്, ഗോശ്രീ സംരക്ഷണ സമിതിക്ക് വേണ്ടി ജോസഫ് നരികുളം, എം. രാജഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.