ചോറ്റാനിക്കര: അറുക്കാനെത്തിക്കുന്ന മൃഗങ്ങളോട് കണ്ണില്ലാത്ത ക്രൂരത. വൃത്തിയില്ലാത്ത അറവുശാലകളുടെ പേരിൽ പഴി കേൾക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് മിണ്ടാപ്രാണികളോടുള്ള ക്രൂരതയും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ലോറിയുടെ പ്ലാറ്റ്ഫോമിന് അടിയിൽപ്പെട്ട് കാലുകൾ ഒടിഞ്ഞ് അവശനിലയിൽ ആയ കാളയെ പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് രക്ഷിച്ചത്. മുളന്തുരുത്തിയിലെ സ്വകാര്യ കന്നുകാലി ഫാമിൽ നിന്ന് അറുനൂറ്റി മംഗലത്തെ മറ്റൊരു ഫാമിലേക്ക് ലോറിയിൽ കൊണ്ടുപോയ കാളകളിൽ ഒന്നിന്റെ പിൻകാലുകളാണ് പ്ലാറ്റ്ഫോം തകർന്ന് അതിനടിയിൽപ്പെട്ട് ഒടിഞ്ഞത്. രക്തം വാർന്നൊഴുകിയ കാള പിടഞ്ഞുവീണു. പിറവം പെരുവ റോഡിലായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പിറവം സബ് ഇൻസ്പെക്ടറും അഗ്നിശമന സേനയും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന വണ്ടിയുടെ പ്ലാറ്റ്ഫോമിന്റെ ഭാഗങ്ങൾ അറുത്തുമാറ്റി കാളയെ രക്ഷപ്പെടുത്തുകയായിരുന്നു.
ദാഹജലം പോലും നൽകാതെ...
അറുക്കാനെത്തിക്കുന്ന മൃഗങ്ങൾക്ക് മരണത്തിന് മുമ്പും വെള്ളവും ഭക്ഷണവും നൽകാതെയാണ് കച്ചവടക്കാർ അറവുശാലകളിൽ എത്തിക്കുന്നത്. അറവുശാലകളിൽ എത്തിക്കുന്ന മാടുകളുടെ മേലാകെ മുറിവുകൾ കാണാമെങ്കിലും അതെന്താണെന്നോ അവയ്ക്ക് രോഗമെന്തെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനങ്ങളൊന്നുമില്ല. മെഡിക്കൽ പരിശോധനയും ഇല്ലാതെയാണ് അറവുശാലകളിലേക്ക് മൃഗങ്ങളെ എത്തിക്കുന്നത്. അറവ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള കശാപ്പാണ് നടക്കുന്നതും. അറവ് സമയത്ത് പാലിക്കേണ്ട നിയമങ്ങളോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശമോ ഹെൽത്ത് ഓഫീസറുടെ പരിശോധനയോ ദൂരപരിധിയോ ആരും പാലിക്കുന്നില്ല. മുമ്പ് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് കശാപ്പുശാലകൾക്ക് ലൈസൻസ് എടുപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പൂർണമായും പാലിക്കപ്പെട്ടിട്ടില്ല.
420 രൂപയായിരുന്ന ഇറച്ചി വില 400 രൂപ ആക്കിയത് മാത്രമാണ് ആകെ നടന്നത്.
അറവുശാലകളിൽ എത്തിക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഷെൽട്ടറും നൽകാതെ പീഡിപ്പിക്കുന്നവർക്കെതിരെ അധികൃതർ നടപടിയെടുക്കണം
ജോയ് എബനേസർ
പൊതുപ്രവർത്തകൻ