കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം. വെള്ളിയാഴ്ച വൈകിട്ടാണ് വൈപ്പിൻ സ്വദേശികളായ പെൺകുട്ടികളെ കാണാതായത്. കൊച്ചി നഗരത്തിലെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണെന്ന് സൂചനയുണ്ട്. സ്‌കൂൾ വിട്ടിട്ടും കുട്ടികൾ തിരിച്ചെത്തതായതോടെ അഭയകേന്ദ്രം അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു. വീട്ടിലേക്ക് പോവുകയാണെന്നാണ് ഇരുവരും കൂട്ടുകാരോട് പറഞ്ഞത്. ഇവരുടെ വീടുകളിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിടങ്ങളിലെ സി.സി.ടിവി ക്യാമറകൾ പരിശോധിച്ചു. കുട്ടികൾ ജില്ല വിട്ടുപോകാൻ സാദ്ധ്യതയില്ലെന്നാണ് കരുതുന്നതെന്നും ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.