avard
സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന കാർഷിക പുരസ്‌കാരം തിരുവനന്തപുരത്ത് മന്ത്രി പി. പ്രസാദിൽ നിന്ന് വാഴക്കുളം കർമല ആശ്രമത്തിന് വേണ്ടി ഫാ. ബിനോയി ചാത്തനാട്ട്, ഫാ. ബിനു ഇലഞ്ഞേടത്ത് എന്നിവർ ഏറ്റുവാങ്ങുന്നു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ സമീപം

മൂവാറ്റുപുഴ: സംസ്ഥാന തലത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിനുള്ള അവാർഡ് ജില്ലയിലെ മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന വാഴക്കുളം കർമല ആശ്രമത്തിന് ലഭിച്ചു. കർഷക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൽ നിന്ന് കർമല ആശ്രമത്തിന് വേണ്ടി ഫാ. ബിനോയി ചാത്തനാട്ട്, ഫാ. ബിനു ഇലഞ്ഞേsത്ത് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. മൂന്നേക്കറോളം വരുന്ന സ്ഥലത്ത് നെൽകൃഷി, വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, വിവിധയിനം പച്ചക്കറികൾ തുടങ്ങിയ വിളകളും തെങ്ങ്, പ്ലാവ് തുടങ്ങിയവയും പഴവർഗങ്ങളായ പൈനാപ്പിൾ, മാവ്, സപ്പോട്ട, റമ്പൂട്ടാൻ ,പപ്പായ, മംഗോസ്റ്റിൻ, എഗ് ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, തുടങ്ങിയ ഫലവർഗങ്ങളും ആശ്രമത്തിൽ കൃഷി ചെയ്ത് വരുന്നു. ഇത് കൂടാതെ എരുമ, പശു, പോത്ത്, പന്നി, കോഴി, മത്സ്യം തുടങ്ങിയവയും വളർത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ മില്ലെറ്റ് വർഷത്തോടനുബന്ധിച്ച് മണിച്ചോള കൃഷിയും നടത്തി. ആശ്രമത്തിൽ കൃഷിക്കായി മഞ്ഞള്ളൂർ കൃഷിഭവന്റെ സഹകരണവും ഉണ്ട്. കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേലിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.