തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാവുന്നു. ഹൈക്കോടതി വിധി നടപ്പാക്കാനുള്ള ചർച്ചയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഭരണത്തിലെ ഘടകകക്ഷിയായ സി.പി.ഐ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനൊപ്പം ചേർന്നു.

ശനിയാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് സി.പി.ഐ കോൺഗ്രസുമായി കൈകോർത്ത് പുതിയ ഡ്രൈവറെ നിയമിക്കാനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് എതിരെ രംഗത്തെത്തിയത്.

ഉദയംപേരൂർ പഞ്ചായത്തിൽ ആംബുലൻസും ജീപ്പും ഓടിക്കുന്ന താത്ക്കാലിക ഡ്രൈവർമാർക്ക് പകരം പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് 2023 ആഗസ്റ്റിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ നിയമാനനുസൃതമായി 3 മാസത്തിനകം പുതിയ നിയമനം നടത്താൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. പ്രായ പരിധി കണക്കാക്കാതെ നിലവിലുള്ള ഡ്രൈവർക്കും അവസരം നൽകണമെന്നും കോടതി വിധിയിൽ പരാമർശിച്ചിരുന്നു. വിധിക്കെതിരെ വർഷങ്ങളായി പഞ്ചായത്തിൽ ഡ്രൈവറായ കെ.എൻ. സുധീർ നൽകിയ അപ്പീൽ കോടതി തള്ളുകയും ചെയ്തു.

വിധിപ്രകാരം കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്ത് ഡ്രൈവറുടെ ഒഴിവ് നോട്ടിഫൈ ചെയ്തു. നിലവിലുള്ള രണ്ടു ഡ്രൈവർ ഉൾപ്പെടെ 11 പേർ തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ നടത്തിയ സ്കിൽ ടെസ്റ്റിലും കളമശേരി പോളി ടെക്നിക് ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗം എഴുത്ത് പരീക്ഷയ്ക്കും പങ്കെടുത്തു. എന്നാൽ പഞ്ചായത്ത് ഡ്രൈവർമാർ ഉൾപ്പെടെ 9 പേരും സ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ടു. വിജയിച്ച രണ്ടു പേരിൽ ഒരാളെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതിനാൽ ഒഴിവാക്കി.ശേഷിച്ച ഒരാളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള പഞ്ചായത്ത് കമ്മറ്റിയിലെ ചർച്ചയിലാണ് സി.പി.ഐ എതിർപ്പുമായി രംഗത്ത് വന്നത്.

പ്രായപരിധി കഴിഞ്ഞവരെയും പി.സി.സി ഇല്ലാത്തവരെയും ഉൾപ്പെടുത്തിയാണ് ടെസ്റ്റ് നടത്തിയത്. മാനദണ്ഡം പാലിക്കാതെ ഇന്റർവ്യൂവും നടത്തി. അതിനാൽ ടെസ്റ്റ് റദ്ദ് ചെയ്ത് പുനർ നിയമനം നടത്തണം

എസ്.എ. ഗോപി

സി.പി.ഐ അംഗം

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മുന്നണി മര്യാദ ലംഘിച്ച് സി.പി.ഐ കോൺഗ്രസിനൊപ്പം ചേർന്ന നടപടി ഗുണകരമല്ല. ഇതിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകും.

ടി.കെ. ജയചന്ദ്രൻ,

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

പാർലമെന്റ് പാർട്ടി സെക്രട്ടറി