കൊച്ചി: യൂടേൺ എടുത്ത കാറിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുളവുകാട് ചൂതപ്പറമ്പിൽ അതുൽ പോൾ (21) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30ഓടെ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം. ഹൈക്കോടതി ഭാഗത്തുനിന്ന് വരികയായിരുന്നു അതുൽ. എതിർ ദിശയിൽ നിന്ന് വന്ന കാർ യൂ ടേൺ എടുത്ത് ഇടതുവശത്തെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അതുൽ റോഡിലേക്ക് തലയടിച്ചുവീണു. കാർ യാത്രികർ ഉടൻ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ അതുൽ ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൈമാറി. ഉച്ചയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം വൈകിട്ട് ബോൾഗാട്ടി സെന്റ് സെബാസ്റ്റിയാൻ പള്ളി സെമത്തേരിയിൽ. പിതാവ് : ആന്റണി പോൾ. മാതാവ് : ആനി. സഹോദരി: അലീന പോൾ. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.