ashad
അശ്ഹദ് ഇർഫാൻ

നെടുമ്പാശേരി: സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് പാടത്തേക്ക് തെറിച്ചുവീണ യുവാവ് മുങ്ങി മരിച്ചു. സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട് കവലക്ക് സമീപം മുട്ടത്തിൽ എം.കെ. അസീസിന്റെ മകൻ അശ്ഹദ് ഇർഫാനാണ് (25) മരിച്ചത്. പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് എടമറ്റത്ത് വീട്ടിൽ ജയന്റെ മകൻ അഭയ് കുമാറിനാണ് (25) പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമെന്ന് കരുതുന്നു. ചെങ്ങമനാട് - കുറുമശേരി റോഡിൽ പൊയ്ക്കാട്ടുശ്ശേരി മാങ്ങാമ്പിള്ളി ക്ഷേത്രത്തിന് സമീപത്തെ പാടത്തിനു സമീപത്തെ കനാലിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെ അഭയ് കുമാറിനെയാണ് ആദ്യം അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ച ശേഷം ഇയാളുടെ പേഴ്സിൽ നിന്നു ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് അശ്ഹദും ഒപ്പമുണ്ടായിരുന്നതായി അറിയുന്നത്. തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്കിന് സമീപം നടത്തിയ തെരച്ചിലിൽ പാടശേഖരത്തിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ അശ്ഹദിന്റെ മൃതദേഹം കണ്ടെത്തി.

ഹെൽമറ്റ് ധരിച്ച നിലയിലായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

അശ്ഹദ് ഇർഫാനെതിരെ ചെങ്ങമനാട്, അങ്കമാലി, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലായി ലഹരിക്കേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകളുണ്ടെന്ന് സി.ഐ സോണി മത്തായി പറഞ്ഞു. അസ്വാഭാവിക മരണത്തിന് ചെങ്ങമനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അഭയ് കുമാറിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

അശ്ഹദ് കാക്കനാട് 'ഫിൽ ട്രോവിൻ" ജീവനക്കാരനാണ്. പിതാവ് അസീസ് സി.പി.എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റി അംഗവും ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. മാതാവ്: മാഞ്ഞാലി ചെരുപറമ്പിൽ കുടുംബാംഗം സഹിത (ഓറിയന്റൽ ഇൻഷ്വറൻസ്, ചെങ്ങമനാട്). സഹോദരൻ: അജ്‌നാസ് അഹ്‌സൻ.