തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരസഭാ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളുടെ ഭാഗമായുള്ള നാടകോത്സവം ഇന്ന് വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിൽ നിന്ന് 19 നാടകങ്ങളാണ് മത്സരിക്കുന്നത്. ഓരോ ദിവസവും നാലു നാടകങ്ങൾ വീതം അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറുമണിമുതലാണ് മത്സരം. ഒരു മണിക്കൂറാണ് നാടകത്തിന്റെ ദൈർഘ്യം.
തിരുവാതിര കളി, ഭരതനാട്യം, ലളിതഗാനം, കവിതപാരായണം, നാടോടി നൃത്തം മത്സരങ്ങളിൽ 150 ലധികം മത്സരാർത്ഥികൾ ഇതിനകം പങ്കെടുത്തു.
സെപ്റ്റംബർ ആറിന് നടക്കുന്ന അത്തച്ചമയ ഘോഷയാത്ര നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. അനുപ് ജേക്കബ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.