കൊച്ചി : വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ നൽകുമെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൂടാതെ, മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്ന് കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും. സർക്കാർ ഏജൻസികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂർത്തീകരിക്കും. 'ഉരുൾപൊട്ടൽ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി. പി നന്ദകുമാർ പറഞ്ഞു.