mc

കോലഞ്ചേരി: എം.സി റോഡിൽ മണ്ണൂർ ജംഗ്ഷനിൽ സിഗ്‌നൽ സ്ഥാപിച്ചിട്ടും രക്ഷയില്ല, അപകടങ്ങൾ തുടരുന്നു. ഇന്നലെ ലോറിയും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മൂവാ​റ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതെ വരുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാ​റ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. ഈ റോഡിലെ അപകടകരമായ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. ആധുനിക നിലവാരത്തിൽ പണിപൂർത്തിയാക്കിയതാണ് എം.സി റോഡ്. എന്നാൽ നിർമാണകാലത്തുതന്നെയുള്ള അപകടകരമായ വളവുകളാണ് റോഡിൽ നിരവധി ജീവനുകൾ പൊലിയുന്നതിന് കാരണമാകുന്നത്. അതിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുകയറുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാനമായ രീതിയിലാണ് കിഴക്കെകവലയിലും. എം.സി റോഡിൽനിന്ന് വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന ജംഗ്ഷനാണിത്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഇവിടങ്ങളിൽ നടന്നത്. എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതാണ് അപകടത്തിന് കാരണം

മണ്ണൂർ പോഞ്ഞാശേരി റോഡിൽ നിന്നും എം.സി റോഡിലേക്ക് കയറുന്ന ഭാഗത്ത് സിഗ്‌നൽ സംവിധാനങ്ങളും നിത്യേന അപകടങ്ങൾ ഉണ്ടാകാറുള്ള മണ്ണൂർ പടിഞ്ഞാറേ കവലയിൽ അപകട സാദ്ധ്യത എൽ.ഇ.ഡി ട്രാഫിക് സിഗ്‌നൽ ബോർഡ് അടക്കമുള്ള സംവിധാനങ്ങളും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്റിക്ക് നിവേദനം നൽകും.

ധന്യ ജയശേഖർ, മുൻ പഞ്ചായത്ത് അംഗം