മൂവാറ്രുപുഴ: വിഷപുക പുറത്ത് വിടുന്ന പ്ലൈവുഡ് കമ്പനികളിൽ നിന്ന് സംരക്ഷണം തേടി ജില്ലാ കളക്ടർക്ക് മുന്നിൽ നിവേദനവുമായി ഒരു കുടുംബം. എല്ലാവഴികളും അടഞ്ഞതോടെയാണ് മാരക രോഗം പിടിപെട്ട് ജീവൻ നഷ്ടമാകുമെന്ന സ്ഥിതിയിൽ ജില്ലാ ഭരണാധികാരിയെ സമീപിച്ചത്. മേതല ഭാഗത്തെ അനധികൃത മണ്ണെടുപ്പും ജനജീവിതം ദുസഹമാക്കുന്ന പ്ലൈവുഡ് കമ്പനികളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ നാട്ടുകാർ നൽകിയ പരാതി സംബന്ധിച്ച് പരിശോധന നടത്തുവാൻ നേരിട്ട് എത്തിയ ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് മുമ്പാകെയാണ് പഴുകുടിയിൽ പി.വി. സണ്ണിയും ഭാര്യയും മക്കളും ദുരിത ജീവിത വിവരിക്കുന്ന പരാതിയുമായി എത്തിയത്. വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ നിയമ വിരുദ്ധ പ്രവർത്തനമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി. പായിപ്ര - അശമന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സണ്ണിയും കുടുംബവും താമസിക്കുന്നത്. വീടിനോട് ചേർന്ന് പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ നിരവധിപേരുടെ സ്ഥലം വാങ്ങി 60 മീറ്ററോളം താഴ്ചയിൽ അനധികൃതമായി മണ്ണെടുത്തും പാറപൊട്ടിച്ചുമാണ് പ്ലൈവുഡ് കമ്പനികൾ നിർമ്മിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ പ്രകൃതിക്കും മനുഷ്യനും ഭീഷണിയാകുന്ന ഇത്തരം നിർമ്മാണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും ഭൂഗർഭ വകുപ്പിനും പൊലീസിനും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
മാലിന്യപ്രശ്നം കഠിനം, കണ്ണടച്ച് അധികൃതർ
രൂക്ഷമായ പ്രശ്നങ്ങൾ രൂപപ്പെട്ടത് പ്ലൈവുഡ് കമ്പനികൾ നിർമ്മാണം പൂർത്തീകരിച്ച് ഉത്പാദനം തുടങ്ങിയപ്പോൾ നിയമവും ചട്ടവും പാലിക്കാതെ കമ്പനി പുറത്തുവിടുന്നത് കൊടും വിഷപുക മലിനീകരണ ബോഡിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല നിരന്തരം വിഷപുക ശ്വസിച്ചതോടെ സണ്ണിക്കും ഭാര്യക്കും കുട്ടികൾക്കും അനുഭവപ്പെട്ടത് ശ്വാസതടസവും അലർജിയും കഴുകി ഉണങ്ങാൻ ഇടുന്ന തുണിത്തരങ്ങളിൽ പോലും പുകയിൽ നിന്നുള്ള കരിയും പൊടിപടലങ്ങളും പടരുന്നതും പതിവ്
മലിനീകരണത്തെക്കുറിച്ച് കമ്പനികളോട് പരാതി പറഞ്ഞപ്പോൾ പ്രതികരണം ഭീഷണിയുടെ രൂപത്തിൽ. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും സ്ഥലത്തെത്തി പരിശോധന നടത്താൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ല. കമ്പനികൾ തന്റെ വീട് ലക്ഷ്യമാക്കി സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചതോടെ സ്വകാര്യതയും നഷ്ടമായതായി സണ്ണിയുടെ കുടുംബം.