p

കൊച്ചി: വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തു നടന്ന നാടകമത്സരം. അരങ്ങിൽ എൻ.എൻ ഇളയതിന്റെ 'ഭ്രാന്താലയം' എന്ന നാടകം. ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള അവാർഡ് അതിലെ ഭ്രാന്തി വേഷത്തിന്. വി​ധി​കർത്താക്കൾ എൻ.കെ.ആചാരി, എ.പി.അപ്പൻ, എസ്. കൃഷ്ണകുമാർ. ഫലപ്രഖ്യാപനത്തിനു ശേഷമാണ് ഭ്രാന്തിയായി വേഷമിട്ടത് ഒരു പുരുഷനാണെന്ന് അവർ അറിയുന്നത്. ചേർത്തല വാരണം മുല്ലശേരിയിൽ കെ.എൽ. ജോർജ് ആയിരുന്നു അത്. തങ്ങൾക്ക് തിരിച്ചറിയാനായില്ലെന്നും അബദ്ധം പറ്റിയെന്നും വിധികർത്താക്കൾ പറഞ്ഞു. പക്ഷേ, ജോർജിന് അതൊരു അംഗീകാരമായിരുന്നു.

ഇപ്പോൾ 83 വയസുള്ള ജോർജ് ഭ്രാന്താലയം എന്ന നാടകം ഡിസംബറിൽ വീണ്ടും അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭ്രാന്തിയായി ജോർജ് തന്നെ വേഷമിടും. സംവിധാനവും ജോർജ് തന്നെ. മറ്റു വേഷങ്ങളിൽ പുതിയ അഭിനേതാക്കളെ കണ്ടെത്തും. 1960ൽ ഹാസ്യകലാ പ്രകടനത്തിലൂടെയാണ് ജോർജ് കലാരംഗത്തെത്തിയത്. സാംബശിവന്റെ കഥാപ്രസംഗത്തിന് മുമ്പ് വേദിയിൽ ജോർജിന്റെ ഹാസ്യ കലാപ്രകടനമുണ്ടാകും.

അങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്താണ് 'ഭ്രാന്താലയം' നാടകത്തിൽ അഭിനയിക്കാൻ അവസരമൊരുങ്ങിയത്. തമാശവേഷം ചെയ്യാനാണ് വിളിച്ചത്. റിഹേഴ്സലിന് ഭ്രാന്തിയുടെ വേഷം ആരു ചെയ്തി​ട്ടും ശരിയായി​ല്ല, ഇതുകണ്ട് ജോർജും അഭി​നയി​ച്ചുനോക്കി​. ഇളയതിന് അത് ഇഷ്ടപ്പെട്ടു. അതാണ് വഴിത്തിരിവായത്. ജോർജിന്റെ ഭാര്യ: അന്നമ്മ. മക്കൾ: ബെറ്റ്സി, ബിജു ജോർജ്, ബെയ്ലി ജോർജ്.

രാജൻ പി.ദേവിന്റെ വഴികാട്ടി

അന്തരിച്ച ചലച്ചിത്ര നടൻ രാജൻ പി. ദേവ്, ജോർജിന്റെ ശിഷ്യനാണ്. ചെറുപ്പത്തിൽ ജോർജ് പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്റെ സൈക്കിളിന് മുന്നിൽ രാജൻ പി. ദേവിനെയും ഇരുത്തി കൊണ്ടുപോകുമായിരുന്നു. കാര്യങ്ങൾ പറഞ്ഞു കൊടുത്തു, അദ്ദേഹത്തിന്റെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു. പിന്നീട് അദ്ദേഹം അറിയപ്പെടുന്ന നടനായി.