y
തൃപ്പൂണിത്തുറ അത്തം നഗറിൽ സ്റ്റാളുകൾക്കുള്ള ഉപകരണങ്ങൾ ഇറക്കുന്ന തൊഴിലാളി

* തൃപ്പൂണിത്തുറയി​ൽ അത്തച്ചമയം, തൃക്കാക്കരയി​ൽ തി​രുവോണ മഹോത്സവം

തൃപ്പൂണിത്തുറ/തൃക്കാക്കര: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലിമയില്ലെങ്കിലും ജില്ലയിൽ ഓണാഘോഷങ്ങൾക്ക് കുറവുണ്ടാകില്ല. അത്തച്ചമയത്തിനും തൃക്കാക്കര തിരുവോണ മഹോത്സവത്തിനും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ജില്ലാ ഭരണകൂടം, സർക്കാർ, ജില്ലാ ടൂറിസം കൗൺസിൽ (ഡി.ടി.പി.സി) തുടങ്ങിയവയുടെ ഓണാഘോഷങ്ങൾ ഉണ്ടാകില്ല.

അത്തച്ചമയം

സെപ്തംബർ ആറിനാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. ഇതുവരെ 16 നിശ്ചലദൃശ്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. ആഡംബരങ്ങൾ ഒഴിവാക്കി ബാക്കിവരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനമെന്ന് കമ്മിറ്റി കൺവീനർ യു.കെ. പീതാംബരൻ പറഞ്ഞു. അത്തം സ്റ്റേജ് മൈതാനത്തിന്റെ തെക്കുവശത്താണ്. പാർക്കും സ്റ്റാളും ആധുനിക രീതിയിൽ നിർമ്മിക്കും. ബോയ്സ് ഹൈസ്കൂളിൽനിന്ന് അത്തംനഗർവഴി സ്റ്റാച്യുജംഗ്ഷൻ വരെ ലൈറ്റിംഗ് സംവിധാനം ഒരുക്കും. അത്തംനഗറിൽ ഉയർത്താനുള്ള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയിൽനിന്ന് ഹിൽപാലസ് അങ്കണത്തിൽവച്ച് അഞ്ചിന് വൈകിട്ട് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഏറ്റുവാങ്ങും.

ആറിന് ഘോഷയാത്ര നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തംപതാക ഉയർത്തും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.

തിരുവോണ മഹോത്സവം

തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം സെപ്തംബർ ആറുമുതൽ 15 വരെയാണ്. അഞ്ചിന് കലവറ നിറയ്ക്കൽ. ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനവും തൃക്കാക്കരയപ്പൻ പുരസ്‌കാരവും തെക്കുംതേവർ പുരസ്‌കാര സമർപ്പണവും മന്ത്രി പി. രാജീവ് നിർവഹിക്കും. ആറിന് രാത്രി എട്ടിന് കൊടിയേറ്റും.

ഏഴിന് ചാക്യാർകൂത്ത്, കഥകളി, എട്ടിന് ഓട്ടൻതുള്ളൽ, നാടകം, ഒമ്പതിന് കൊട്ടിപ്പാടിസേവ, കുറത്തിയാട്ടം, ഭക്തിഗാനമേള, ബാലെ എന്നിവ ഉണ്ടാകും. 10ന് മെഗാ ഭക്തിഗാനമഞ്ജരി, നൃത്തസന്ധ്യ, 11ന് പാഠകം, സംഗീതക്കച്ചേരി, നൃത്താർച്ചന, 12ന് ഉത്സവബലിദർശനം, അക്ഷരശ്ലോക സദസ്, ഓട്ടൻതുള്ളൽ, മെഗാഫ്യൂഷൻ എന്നിവ നടക്കും. 13ന് ശ്രീബലിയും കാഴ്ചശ്രീബലിയും.

തിരുവോണമായ 14ന് ഒമ്പത് ആനകൾ അണിനിരക്കുന്ന ശ്രീബലി, തിരുമുൽക്കാഴ്ച സമർപ്പണം, ഉത്രാടസദ്യ, ഒമ്പത് ആനകൾ അണിനിരക്കുന്ന തൃക്കാക്കര പകൽപ്പൂരം, തിരുവാതിരകളി, നൃത്തസന്ധ്യ, പകൽപ്പൂരം എതിരേല്പ്, വലിയവിളക്കും പള്ളിവേട്ടയും. തിരുവോണദിവസം രാവിലെ 7.30ന് മഹാബലി എതിരേല്പ്. 10.30 മുതൽ തിരുവോണസദ്യ, കൊടിയിറക്കൽ, ആറാട്ട്, ആറാട്ട് എഴുന്നള്ളിപ്പ്, എതിരേല്പ്, ആകാശവിസ്മയ കാഴ്ച .

തൃക്കാക്കര നഗരസഭയുടെ ഓണാഘോഷം ലളിതമായിരിക്കും. ഓണപ്പതാക തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷിൽനിന്ന് ഏറ്റുവാങ്ങും. ക്ഷേത്രത്തിൽ പൂജിച്ച് കാക്കനാട് ജംഗ്ഷനിൽ ഉയ‌ർത്തും. തൃക്കാക്കര ക്ഷേത്രോത്സവത്തിന് നഗരസഭ എല്ലാവ‌ർഷവും നൽകുന്ന ഒരുലക്ഷംരൂപ കൈമാറാൻ സർക്കാർ അനുമതി തേടിയിട്ടുണ്ട്.

രാധാമണി പിള്ള

ചെയർപേഴ്സൺ