കൊച്ചി: ആരാധന, വിശ്വാസം എന്നിവയിലുൾപ്പെടെ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സിറോമലബാർ സഭയുടെ രണ്ട് നിർണായക യോഗങ്ങൾ ചർച്ച ചെയ്യും. കാക്കനാട്ടെ സഭാ ആസ്ഥാനത്ത് ഇന്നലെ ആരംഭിച്ച മെത്രാൻ സിനഡ് യോഗത്തിന് പുറമെ അഞ്ചാമത് സിറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി 22ന് പാലായിൽ ആരംഭിക്കും. സഭയും സമൂഹവും നേരിടുന്ന പ്രധാന വിഷയങ്ങൾ രണ്ടു യോഗങ്ങളിലും ചർച്ചയാകും.

സഭയുടെ 32 ാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 53 ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നാരംഭിക്കുന്ന ചർച്ചകൾ 22 മുതൽ 25 വരെ നിറുത്തിവയ്‌ക്കും. 26ന് പുനരാരംഭിക്കുന്ന സമ്മേളനം 31ന് സമാപിക്കും.

അസംബ്ലി എട്ടുവർഷത്തിന് ശേഷം

മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി 22 മുതൽ 25 വരെയാണ് പാലായിൽ നടക്കുന്നത്. 22ന് വൈകിട്ട് 5 ന് ആരംഭിച്ച് 25ന് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസുമാണ് പ്രധാനവേദി. 80 വയസിൽ താഴെയുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്‌സും അസംബ്ലിയിൽ പങ്കെടുക്കും. കൊച്ചിയിലെ സിനഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാർ 22 മുതൽ 26 വരെ എപ്പിസ്കോപ്പൽ അസംബ്ളിയിലും പങ്കെടുക്കും.

അഞ്ചുവർഷത്തിൽ ഒരിക്കൽ നടക്കുന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ളി സഭാസംബന്ധമായ തീരുമാനങ്ങളെടുക്കുന്ന വേദിയാണ്. വിശ്വാസികൾക്കുൾപ്പെടെ പ്രാതിനിധ്യപങ്കാളിത്തം അസംബ്ളിയിൽ ലഭിക്കും. 2016ലാണ് ഒടുവിൽ അസംബ്ളി ചേർന്നത്. 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ളി കൊവിഡ്, പ്രളയം തുടങ്ങിയവ മൂലമാണ് വൈകിയതെന്ന് സഭാ അധികൃതർ പറഞ്ഞു.