കൊച്ചി: പ്രതികൂല കാലാവസ്ഥയിൽ കടലിനോട് മല്ലിട്ട് ജീവിതം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടെ മരണത്തിന്റെ ആഴത്തിലേക്ക് ആണ്ടുപോയത് 453 മത്സ്യത്തൊഴിലാളികൾ. ഒമ്പത് വർഷത്തിനിടെയുള്ള കണക്കാണിത്. 343 മത്സ്യതൊഴിലാളികൾക്ക് ജീവൻ നഷ്ടമാകുകയും 110 പേരെ കാണാതാകുകയും ചെയ്തു. 1833 യാനങ്ങളും മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് തകർന്നു. ഫിഷറീസ് വകുപ്പ് സർക്കാരിന് സമർപ്പിച്ച രേഖയിലാണ് കണക്കുകളുള്ളത്. പൊന്നാനി സ്വദേശി ഷൗക്കത്താണ് മത്സ്യബന്ധനത്തിനിടെ ഒടുവിൽ മരപ്പെട്ടത്. ആലപ്പുഴ അർത്തുങ്കൽ ഭാഗത്തുവച്ചാണ് ബോട്ടിൽ നിന്ന് വീണ് കടലിൽ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. കടലിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞതും കാണാതായതുമായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ് മുഖേന ഗ്രൂപ്പ് ഇൻഷ്വറൻസ് ഇനത്തിൽ 38.27കോടി അനുവദിച്ചിട്ടുണ്ട്.
20 കോടിയിലധികം
മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17.95കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്ന് 2.22കോടി രൂപയും ഇൻഷ്വറൻസ് ക്ലെയിമായി 63.06 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടുതൽപേർക്കുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് ഡയറക്ടർ ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
വർഷം -മരിച്ചത്
2016: 28
2017: 80
2018: 44
2019: 37
2020 :36
2021: 24
2022: 44
2023: 40
2024: 10
(ഫിഷറീസ് വകുപ്പ് രേഖ)
വർഷം - തകർന്ന യാനം
2016: 44
2017: 79
2018: 40
2019: 37
2020 :36
2021: 44
2022: 55
2023: 44
2024: 10
(എറണാകുളം ജില്ല)
വർഷം -ധനസഹായം
2016-17 25,00,000
2017-18: 53,42,126
2018-19: 8,24,19,012
2019-20: 2,61,27,574
2020-21 : 4,57,83,757
2021-22: 1,70,94,139
2022-23: 2,60,000
2023-24: 0
2024-25: 0
(സി.എം.ഡി.ആർ.എഫിൽ നിന്ന് നൽകിയ സഹായം)
പ്രതിവർഷം 54 മത്സ്യത്തൊഴിലാളികളാണ് മരണപ്പെടുന്നത്. ഖനിയേക്കാൻ അപകടം നിറഞ്ഞ് തൊഴിൽ മേഖലയാണ് മത്സ്യബന്ധ രംഗം. അറബിക്കടലിൽ പോലും ചുഴലിക്കാറ്റുണ്ടാകുന്നു. കാലാവസ്ഥാ മാറ്റം മത്സ്യബന്ധമേഖലയ്ക്കും ഭീഷണിയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ ജാഗ്രത കൈക്കൊള്ളണം
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി